calicut-university-aquati
കാലിക്കറ്റ് സർവകലാശാല അക്വാറ്റിക് കോംപ്ലക്സ്

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ ഏഴ് കോടി രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ഗോൾഡൻ ജൂബിലി അക്വാറ്റിക് കോംപ്ലക്സ് നാളെ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അന്തർദേശീയ നിലവാരമുള്ള 50 മീറ്റർ സ്വിമ്മിംഗ് പൂൾ, 25 മീറ്റർ പരിശീലന പൂൾ, ചേഞ്ചിംഗ് റൂം, ജലശുചീകരണ പ്ലാന്റ് എന്നിവ അടങ്ങുന്നതാണ് അക്വാറ്റിക് കോംപ്ലക്സ്. മികച്ച കായിക സർവകലാശാലക്ക് യു.ജി.സി അനുവദിച്ച 2.33 ലക്ഷം കോടിയും സംസ്ഥാന പ്ലാൻ ഫണ്ടിൽ നിന്ന് 4.67 കോടിയും വിനിയോഗിച്ചാണ് മൂന്ന് വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കിയത്.
മലബാറിലെ ആദ്യത്തേതും കേരളത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങളുമുള്ള സ്വിമ്മിംഗ് പൂളാണ് കാലിക്കറ്റിലേത്. സർവകലാശാലാ കോളേജ് വിദ്യാർത്ഥികൾക്കൊപ്പം പൊതുജനങ്ങൾക്കും കോപ്ലക്സ് പ്രയോജനപ്പെടുത്താനാകും. കായിക രംഗത്ത് ഒട്ടേറെ അന്തർസർവകലാശാലാ ട്രോഫികൾ നേടിയിട്ടുള്ള കാലിക്കറ്റിന് നീന്തൽ രംഗത്തും നേട്ടങ്ങൾ കൊയ്യാൻ ഈ അക്വാറ്റിക് കോംപ്ലക്സ് സഹായകമാകും. ചടങ്ങിൽ മന്ത്രി ഡോ.കെ.ടി.ജലീൽ, മന്ത്രി ഇ.പി.ജയരാജൻ, പി.കെ.കുഞ്ഞാലിക്കുട്ടി എം.പി., പി.അബ്ദുൽ ഹമീദ് എം.എൽ.എ, സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി.ദാസൻ, വൈസ് ചാൻസലർ ഡോ.കെ.മുഹമ്മദ് ബഷീർ, പ്രോവൈസ് ചാൻസലർ ഡോ.പി.മോഹൻ, സിൻഡിക്കേറ്റ് അംഗങ്ങൾ, രജിസ്ട്രാർ ഡോ.ടി.എ.അബ്ദുൽ മജീദ് തുടങ്ങിയവരും മുൻ കായിക താരങ്ങളും സംബന്ധിക്കും.

കാലിക്കറ്റ് സർവകലാശാലാ കാമ്പസിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രോവൈസ് ചാൻസലർ ഡോ.പി.മോഹൻ, സിന്റിക്കേറ്റ് അംഗം ഡോ.ടി.എം.വിജയൻ, രജിസ്ട്രാർ ഡോ.ടി.എ.അബ്ദുൽ മജീദ്, ഡോ.ബി.എസ്.ഹരികുമാരൻ തമ്പി, പബ്ലിക് റിലേഷൻസ് ഓഫീസർ ഒ.മുഹമ്മദലി പങ്കെടുത്തു.