മലപ്പുറം: യൂത്ത്‌കോൺഗ്രസ് ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താലിൽ മലപ്പുറം ചങ്ങരംകുളത്ത് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരും വ്യാപാരികളും തമ്മിൽ സംഘർഷം, പൊലീസ് ലാത്തി വീശി. ജില്ലയിൽ രാവിലെ ചിലയിടങ്ങളിലെല്ലാം വാഹനങ്ങൾ ഓടിയിരുന്നെങ്കിലും പത്ത് മണിയോടെ വാഹനം തടയൽ തുടങ്ങി. തിരൂരിൽ മിനി സിവിൽ സ്റ്റേഷന് മുന്നിലും, നഗരസഭ ഭാഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധം തീർത്തു. മിനി സിവിൽ സ്റ്റേഷന് മുന്നിലുള്ള ഉപരോധസമരം ഏറെ സമയം നീണ്ടു,
ചങ്ങരംകുളത്ത് പതിനൊന്ന് മണിയോടെ വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. പൊലീസെത്തി ലാത്തി വീശിയതോടെ പ്രവർത്തകർ ചിതറിയോടിയെങ്കിലും ഏറെ നേരം പ്രദേശത്ത് കോൺഗ്രസ്സ് പ്രവർത്തകരും വ്യാപാരികളും വാക്കേറ്റം തുടർന്നു. ചങ്ങരംകുളത്ത് യൂത്ത്‌കോൺഗ്രസ് പ്രവർത്തകർ നിരവധി വാഹനങ്ങൾ റോഡിൽ തടഞ്ഞിട്ടു. രാവിലെ കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയെങ്കലും ഉച്ചയോടെ ഭൂരിഭാഗം സർവീസുകളും നിർത്തിവെച്ചു. രാവിലെ പത്തുമണിയോടെ അങ്ങാടിപ്പുറത്തും, പെരിന്തൽമണ്ണയിലും യൂത്ത് കോൺഗ്രസുകാർ പ്രതിഷേധ പ്രകടനം നടത്തി. തിരൂർ, ചെമ്മാട്, കോട്ടയ്ക്കൽ-ചെമ്മാട് റൂട്ടിൽ രാവിലെ ബസുകൾ സർവീസ് നടത്തി. എടക്കര, നിലമ്പൂർ മേഖലകളിലാണ് ആദ്യം വാഹനങ്ങൾ തടഞ്ഞത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ പെരിന്തൽമണ്ണ നഗരത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. പകൽ നവോത്ഥാനവും പൊതിച്ചോർ വിതരണവും ചെയ്യുന്ന സിപിഎമ്മുകാർ ഇരുട്ടിന്റെ മറവിൽ തലയെടുക്കുന്ന ഭീകര മുഖമാണ് വ്യക്തമാക്കുന്നതെന്നും ഭീകര സംഘടനകൾക്കൊപ്പം സിപിഎമ്മിനെയും നിരോധിക്കണമെന്നും പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡി.സി.സി സെക്രട്ടറി സി.സുകുമാരൻ ആവശ്യപെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് സി.കെ.ഹാരിസ് അധ്യക്ഷം വഹിച്ചു. ബെന്നി തോമസ്, എം.ബി.ഫസൽ മുഹമ്മദ്, എ.ആർ.ചന്ദ്രൻ, ഷാജി കാട്ടുപാറ, സൈനുദ്ദീൻ താമരത്ത്, പച്ചീരി സുബൈർ, അരഞ്ഞിക്കൽ ആനന്ദൻ, യാക്കൂബ് കുന്നപ്പള്ളി, അഖിൽ കാപ്പിങ്ങൽ, ദിനേശൻ മണ്ണാർമല, ദിനേശ് കണക്കാഞ്ചേരി, ശിബ്ലി പാതയ്ക്കര, രാകേഷ് ഏലംകുളം, ഷഫീക് പൊന്നിയകുർശി, അസ്‌കർ തേക്കിൻകോട് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
ഹർത്താലിൽ അങ്ങാടിപ്പുറത്ത് റോഡ് ഉപരോധിച്ചു. പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.അനിഷ്, ടി.മുരളി, പി.വിശ്വനാഥൻ, ടി.ഹരിദാസ്, ഷഹർബാൻ പി.ജോർജ് കൊളത്തൂർ എന്നിവർ പ്രസംഗിച്ചു. അഷറഫ്, മാത്യു, ബാലു ഡി. നായർ, കെ.പി.അൻസാർ, ഫെബില ബേബി, സി.പി.മനാഫ് എന്നിവർ നേതൃത്വം നൽകി.
നിലമ്പൂരിൽ പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു. രാവിലെ ഒമ്പതോടെ പ്രവർത്തകർ നിലമ്പൂർ ചെട്ട്യങ്ങാടിയിലെത്തി വാഹനങ്ങൾ തടയുകയായിരുന്നു. ഹർത്താൽ ദിനത്തിൽ സ്വകാര്യ ബസുകളടക്കമുള്ള വാഹനങ്ങൾ ഓടിയിരുന്നു. കെ.എസ്.ആർ.ടി.സിയും ട്രിപ്പുകൾ മുടക്കിയില്ല. തടഞ്ഞിട്ട വാഹനങ്ങളെ പത്തു മിനിറ്റ് നിർത്തിയിടീച്ച ശേഷം ഓടാൻ അനുവദിക്കുകയും ചെയ്തു. പ്രവർത്തകർ നിലമ്പൂർ ടൗണിൽ പ്രകടനവും നടത്തി. കടകളടച്ച് സഹകരിക്കണമെന്ന് വ്യാപാരികളോട് ആവശ്യപ്പെട്ടെങ്കിലും ആരേയും നിർബന്ധിച്ച് കടകളടപ്പിച്ചിരുന്നില്ല. മുഴുവൻ പ്രദേശങ്ങളിലും കടകൾ തുറന്നിരുന്നു. പത്താം ക്ലാസിന്റെ മോഡൽ പരീക്ഷക്ക് അവധി നൽകിയിരുന്നതിനാൽ പരീക്ഷ സംബന്ധിച്ച് ബുദ്ധിമുട്ടുണ്ടായില്ല. മിക്ക സ്‌കൂളുകളും സാധാരണ പോലെ പ്രവർത്തിച്ചു. കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരുന്നെങ്കിലും വലിയ പ്രശ്നങ്ങൾ സ്‌കൂളുകളിലുണ്ടായില്ല.