ponnani-sea-shore
പൊന്നാനി ലൈറ്റ് ഹൗസിൽ നിന്നുള്ള തീരദൃശ്യം

പൊന്നാനി: കടലൊന്നിടഞ്ഞാൽ ഭവനരഹിതരാകുന്ന തീരദേശത്തെ ദുരിതബാധിതർക്കായി സ്വപ്നഭവനമെന്ന പ്രതീക്ഷയ്ക്ക് ഇന്ന് ശിലയിടും. തീരദേശത്തെ കടലാക്രമണബാധിതർക്കായി മുട്ടത്തറ ഫിഷർമെൻ കോളനി മാതൃകയിൽ പൊന്നാനിയിൽ നിർമ്മിക്കുന്ന സ്‌നേഹഭവനങ്ങളുടെ നിർമ്മാണത്തിന് ബുധനാഴ്ച തുടക്കം കുറിക്കും. പൊന്നാനി ഫിഷിംഗ് ഹാർബറിനോടു ചേർന്ന എട്ടേക്കർ ഭൂമിയിലെ രണ്ട് ഏക്കറിലാണ് 150 കുടുംബങ്ങളെ പുനരധിവസിപ്പിക്കാവുന്ന തരത്തിലുള്ള ഫ്ളാറ്റ് സമുച്ചയങ്ങൾ നിർമ്മിക്കുന്നത്. ഇതിനായുള്ള നടപടികൾ പൂർത്തിയാക്കി അതിവേഗമാണ് നിർമ്മാണ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്.

തീരദേശത്തെ ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനു വേണ്ടി തിരുവനന്തപുരം മുട്ടത്തറയിലെ ഭവന സമുച്ചയ മാതൃകയിൽ സംസ്ഥാനത്താക്കെ തീരദേശ പുനരധിവാസം സാധ്യമാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനായി ഫിഷറീസ് വകുപ്പിന് 70 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നൽകി. ഇക്കൂട്ടത്തിൽ ഉൾപ്പെടുത്തിയാണ് പൊന്നാനി ഹാർബറിലെ ഫ്ളാറ്റ് സമുച്ചയം യാഥാർത്യമാക്കുക. മുട്ടത്തറയിലെ സൗകര്യപ്രദമായ വീടുകളുടെ മാതൃകയിലാണ് ഭവന പദ്ധതി നടപ്പാക്കുന്നത്.

150 വീടുകൾ യാഥാർത്ഥ്യമാകുന്നതോടെ പൊന്നാനിയിലെ തീരദേശത്തെ ദുരിതബാധിതരുടെ പുനരധിവാസ കാര്യത്തിൽ ഒരു പരിധിവരെ പരിഹാരമാകും. നിലവിൽ അഞ്ച് പുനരധിവാസ പദ്ധതികളാണ് പൊന്നാനിയിൽ പരിഗണനയിലുള്ളത്. തീരദേശത്തെ ദുരിതബാധിതർക്കായി നിർമ്മിച്ച ഫിഷർമെൻ കോളനിയിലെ വീടുകളുടെ പുനരുദ്ധാരണമാണ് പ്രധാനപ്പെട്ടത്.അസൗകര്യങ്ങൾ നിറഞ്ഞ നൂറോളം വീടുകൾ പുനരുദ്ധാരണം നടത്തി വിപുലമാക്കിയാൽ നിരവധി കുടുംബങ്ങൾക്ക് പുനരധിവാസമാകും.

പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കായി പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന സ്‌നേഹ ബെമ്മാടമാണ് മറ്റൊന്ന്. പ്രളയത്തിൽ ഇരയായവർക്കായി 50 വീടുകളാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ലൈഫ് പദ്ധതിയുടെ ഭാഗമായുള്ള പാർപ്പിട സമുച്ചയ പദ്ധതിയും, പുറമ്പോക്കിലുള്ളവരെ പുനരധിവസിപ്പിക്കുന്നതിനായുള്ള ഭവന പദ്ധതിയും പരിഗണനയിലുണ്ട്.

ഫിഷിംഗ് ഹാർബറിലെ ഭവന പദ്ധതിയുടെ നിർമ്മാണോദ്ഘാടന ചടങ്ങിൽ നിമയസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ, മന്ത്രി കെ.ടി ജലീൽ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, നഗരസഭ ചെയർമാൻ സി.പി മുഹമ്മദ് കുഞ്ഞി സംബന്ധിക്കും.