തിരൂരങ്ങാടി: അടിയന്തിര ചികിത്സ ലഭിക്കേണ്ട സന്ദർഭങ്ങളിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുവന്ന് സമയം കളയരുത്. കാഷ്യാലിറ്റിയിൽ എത്തിയാൽ പോലും ഡോക്ടർമാരെ തിരഞ്ഞ് നടക്കേണ്ടി വന്നേക്കാം. ജീവനക്കാരോട് വല്ലതും ചോദിച്ചാൽ പരുശമായ പെരുമാറ്റവും നേരിടേണ്ടിവരും. തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ എത്തുന്ന രോഗികൾ നേരിടുന്ന ദുരനുഭവങ്ങൾ വർദ്ധിച്ചിട്ടും ആരോഗ്യ വകുപ്പ് അധികൃതർ നടപടിയെടുക്കാത്ത് രോഗികളെ കൂടുതൽ ദുരിതത്തിലാക്കുന്നുണ്ട്. ഡോക്ടർമാരുടെയും ജീവനക്കാരുടെയും മോശം പെരുമാറ്റം സംബന്ധിച്ച് ദിനംപ്രതി പരാതികൾ വർദ്ധിക്കുകയാണ്. ആരോഗ്യകേന്ദ്രങ്ങളിലെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും സമയബന്ധിതമായി മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും സംസ്ഥാന ആരോഗ്യവകുപ്പ് നിരവധി പദ്ധതികൾ നടപ്പാക്കുമ്പോഴാണ് ഇതിനോടെല്ലാം തിരൂരങ്ങാടി താലൂക്ക് ആശുപത്രി അധികൃതർ മുഖംതിരിക്കുന്നത്. ദിനംപ്രതി 1,500ഓളം രോഗികൾ ചികിത്സ തേടുന്നുണ്ട്. പനി സീസണിൽ ഇതു രണ്ടായിരത്തിന് മുകളിലെത്തും. ഒ.പിയിൽ വലിയ തിരക്കുണ്ടാവുമ്പോൾ പോലും ചായ കുടിക്കാനെന്ന പേരിൽ പുറത്തുപോവുന്ന ഡോക്ടർമാർ തിരിച്ചുവരുന്നത് ഏറെ വൈകിയും. പനിയും മറ്റും ബാധിച്ച് അവശരായ കുട്ടികളും പ്രായമായവരും വരിയിൽ നിന്ന് ബുദ്ധിമുട്ടിയാൽ പോലും ഇതൊന്നും പരിഗണിക്കപ്പെടാറില്ല.
ഉച്ചയ്ക്ക് ശേഷം ഒരു ഡോക്ടറാണ് ആശുപത്രിയിലുണ്ടാവുക. ഈ സമയത്ത് ചികിത്സ തേടാനെത്തിയാൽ രാവിലെ വരാതിരുന്നതിനെ ചൊല്ലി ശകാരിക്കുന്നതും പതിവാണ്. കുട്ടികളുമായെത്തുന്ന സ്ത്രീകളോടാണ് കൂടുതലായും അപമര്യാദയായി പെരുമാറുന്നതെന്നാണ് പരാതി. തിരൂരങ്ങാടി താലൂക്കാശുപത്രിയിലെ ജീവനക്കാരുടെ മോശം പെരുമാറ്റം സംബന്ധിച്ച് ജില്ലാ ആരോഗ്യ വകുപ്പിനും പരാതികൾ ലഭിച്ചിട്ടുണ്ട്.
രോഗികളുടെ പേര് വിവരങ്ങളും റഫർ ചെയ്യുന്നതും മറ്റും രേഖപ്പെടുത്തുന്ന കാര്യത്തിലും വീഴ്ച കാണിക്കുന്നതായും പരാതി ഉയരുന്നുണ്ട്. അടുത്തിടെ ആശുപത്രി സുപ്രണ്ട് ഇൻചാർജ്ജിനെയും പി.ആർ.ഒയെയും ഇവിടെ നിന്ന് സ്ഥലം മാറ്റിയിരുന്നു.