പരപ്പനങ്ങാടി: സർക്കാർ പരിപാടിയിൽ ചെഗുവേരയുടെ ചിത്രമുള്ള പതാകയുമായി വന്ന പ്രവർത്തകരെ ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പരപ്പനങ്ങാടി ഹാർബറിന്റെ ശിലാസ്ഥാപനം നിർവഹിക്കുന്നതിനിടെ കൊടി ഉയർത്തിയപ്പോഴാണ് മുഖ്യമന്ത്രി പ്രവർത്തകരെ താക്കീത് ചെയ്തത്. ഏതു സർക്കാർ വന്നാലും അത് എല്ലാവരുടേതുമാണ്. പല ആശയങ്ങൾ ഉണ്ടാവാം. ഈ ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള ഇടമായി പൊതുവേദികളെ മാറ്റരുത്. ഒരു പതാക പിന്നിൽ ഉയരുന്നതായി കണ്ടു. നാട്ടിൽ ഒരുപാട് ആളുകൾ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരാളുടെ ഫോട്ടോ കൂടിയാണത്. വേറെ ഒരു വേദിയിൽ അത് ഉയർത്തുന്നതിൽ തെറ്റില്ല. പക്ഷേ, അതിന്റെ സ്ഥലമല്ല ഇത്. എല്ലായിടത്തും ഇത് ചുമന്ന് കൊണ്ട് പോകേണ്ട കാര്യമില്ല. അതിന് വേദികൾ വേറെ ഉണ്ട്. അവിടങ്ങളിൽ ഈ കൊടി ആവേശപൂർവം കൊണ്ടുപോകാവുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.