culprit
പ്രതികൾ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ബികോം, ബി.ബി.എ മൂന്നാം സെമസ്റ്റർ ജനറൽ ഇൻഫർമാറ്റിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പർ വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ച കേസിൽ രണ്ട് വിദ്യാർത്ഥികൾ അറസ്റ്റിൽ. തൃശൂർ സ്വദേശികളായ ചിറ്റഞ്ഞൂർ അർത്താട് ചോഴിയാട്ടിൽ വീട്ടിൽ സി.എസ്. സുഷീൽ(19), ഗുരുവായൂർ കൊട്ടപ്പടി താമരയൂരിലെ കുളങ്ങര വീട്ടിൽ വിനീത് (19) എന്നിവരാണ് അറസ്റ്റിലായത്.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ഡിസംബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. അക്കിക്കാവ് വിവേകാനന്ദ ടീച്ചർ എഡ്യുക്കേഷൻ കോളേജ്, പെരുമ്പിലാവ് അൻസാർ ട്രെയ്‌നിംഗ് കോളേജ് എന്നിവിടങ്ങളിൽ പരീക്ഷാ ചോദ്യപേപ്പർ കവർ മാറി പൊട്ടിച്ചിരുന്നു. ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് പേപ്പറിന് പകരം ജനറൽ ഇൻഫർമാറ്റിക്‌സിന്റെ ചോദ്യപേപ്പറാണ് പൊട്ടിച്ചത്. ഇവർ ഇക്കാര്യം സർവകലാശാലയെ അറിയിക്കുകയും ചെയ്തു. പാരലൽ കോളേജ് വിദ്യാർത്ഥികളായ പ്രതികളുടെ പരീക്ഷാകേന്ദ്രം അക്കിക്കാവ് വിവേകാനന്ദ കോളേജായിരുന്നു. മാറി ലഭിച്ച ചോദ്യപേപ്പർ കുട്ടികൾ അദ്ധ്യാപികയ്ക്ക് തിരിച്ച് കൊടുത്തു. പ്രതികൾ രണ്ടുപേരും ചോദ്യക്കടലാസ് മൊബൈൽ ഫോൺ കാമറയിൽ പകർത്തി സുഹൃത്തുക്കൾക്ക് വാട്‌സ് ആപ്പ് വഴി അയച്ചു. എന്നാൽ പരീക്ഷയുടെ തലേന്ന് യൂണിവേഴ്‌സിറ്റി പരീക്ഷാ കൺട്രോളർക്ക് വരെ ചോദ്യപേപ്പർ വാട്‌സ് ആപ്പ് വഴി ലഭിച്ചു. തുടർന്ന് അർദ്ധരാത്രി പരീക്ഷ മാറ്റിവയ്ക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.