പൊന്നാനി: തീരമേഖലയിലെ ദുരിതബാധിതരെ പുനരധിവസിപ്പിക്കാൻ കേന്ദ്രഫണ്ടുപയോഗിച്ച് നിർമ്മിച്ചതും നിലവിൽ ഉപയോഗശൂന്യമായി കിടക്കുന്നതുമായ പൊന്നാനി ഫിഷർമെൻ കോളനിയിലെ 120 വീടുകൾ ഇടിച്ചു നിരത്താൻ സർക്കാർ ആലോചിക്കുന്നു. പകരം സർക്കാർ ഇതര ഫണ്ട് കണ്ടെത്തി കൂടുതൽ സൗകര്യപ്രദമായ ഭവന പദ്ധതി നടപ്പാക്കും. ഇക്കാര്യത്തിൽ പ്രത്യേക സർക്കാർ ഉത്തരവ് പുറത്തിറക്കും.
ഫിഷർമെൻ കോളനിയുടെ ഭാവി സംബന്ധിച്ച് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ തന്നെയാണ് വ്യക്തമാക്കിയത്. കക്കൂസിന്റെ അത്രമാത്രം വലിപ്പമുള്ള വീടിന്റെ പുനരുദ്ധാരണം പ്രായോഗികമല്ലെന്ന് മന്ത്രി പറഞ്ഞു. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നാല് ലക്ഷം രൂപ വരെയാണ് ഒരു വീടിന് നൽകാനാവുക. പുനരുദ്ധാരണത്തിന് ഈ തുക പര്യാപ്തമല്ല. പുതിയ വീടുകൾ നിർമ്മിക്കുകയാണ് പരിഹാരം. ഇതിനായി പൊതുമേഖല സ്ഥാപനങ്ങളുടേതുൾപ്പെടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ടിൽ നിന്ന് തുക കണ്ടെത്താനാകുമെന്നും മന്ത്രി പറഞ്ഞു. 120 വീടുകളിലേക്ക് 90 ഗുണഭോക്താക്കൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇവരുടെ പേരിൽ വീടുകളുള്ളതിനാൽ മറ്റു പദ്ധതികൾ പ്രകാരം ഭവന ആനുകൂല്യം ലഭിക്കില്ല. നിലവിലെ വീടുകൾ ഇടിച്ചു നിരത്തി പുതിയ വീടുകൾ എന്നതു മാത്രമാണ് പരിഹാരമാർഗ്ഗം. സാങ്കേതികത്വങ്ങൾ ഒഴിവാക്കാനാണ് സി.എസ്.ആർ ഫണ്ട് പരിഗണിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിനു ശേഷം ഫിഷർമെൻ കോളനിയുടെ കാര്യത്തിലെ പുതിയ നടപടികൾക്ക് തുടക്കമാകും.
പൊന്നാനി ഫിഷിംഗ് ഹാർബറിലെ ഭവന സമുച്ചയത്തോടൊപ്പം ഫിഷർമെൻ കോളനിയിലെ പുതിയ പദ്ധതി കൂടി യാഥാർത്ഥ്യമായാൽ പൊന്നാനി തീരദേശത്തെ പുനരധിവാസം സമ്പൂർണ്ണതയിലെത്തും.
അത് നടന്നില്ല
കേന്ദ്ര സർക്കാർ പദ്ധതിയായ ഐ.ഡി.എസ്.എം.ടി പ്രകാരം 10 വർഷം മുൻപാണ് അഞ്ചേക്കർ സ്ഥലത്ത് ഫിഷർമെൻ കോളനിയുടെ നിർമ്മാണം പൂർത്തിയാക്കിയത്.
ഉത്തരേന്ത്യൻ മാതൃകയിൽ നിർമ്മിച്ച വീടുകൾ കേരളത്തിലെ തീരദേശത്തിന്റെ സാഹചര്യങ്ങൾക്ക് പറ്റുന്നതായിരുന്നില്ല.
അസൗകര്യങ്ങൾ നിറഞ്ഞ വീടുകളിലേക്ക് മാറാൻ ഗുണഭോക്താക്കൾ തയ്യാറായില്ല.
വീടുകൾ വെറുതെ കിടന്ന് നശിക്കാൻ തുടങ്ങിയതോടെ നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും പൊന്നാനി നഗരസഭയും ചേർന്ന് പുനരുദ്ധാരണ പദ്ധതിക്ക് രൂപം നൽകി.
മെട്രോമാൻ ഇ. ശ്രീധരന്റെ നേതൃത്വത്തിൽ ഡി.എം.ആർ.സി വിശദമായ പദ്ധതി രേഖ തയാറാക്കി.
ഒരു വീടിന് ആറ് ലക്ഷം രൂപയോളം പുനരുദ്ധാരണത്തിന് ചെലവ് വരുന്ന ഡി.പി.ആർ സർക്കാരിന് സമർപ്പിച്ചെങ്കിലും അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ ഭവന പദ്ധതിയെക്കുറിച്ച് ഫിഷറീസ് വകുപ്പ് ആലോചിക്കുന്നത്.
120 വീടുകളാണ് ഫിഷർമെൻ കോളനി പദ്ധതി പ്രകാരം നിർമ്മിക്കപ്പെട്ടത്.