തേഞ്ഞിപ്പലം: മുന്തിരി കഴിച്ച വിദ്യാർത്ഥിയെ ഭക്ഷ്യ വിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഴ്സിറ്റി ജീവനക്കാരിയായ കെ.കെ. തസ്നീമയുടെ മകൻ അജീർ മുഹമ്മദ് ഹംദാനെയാണ് (9) യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുന്തിരി കഴിച്ച കുട്ടിയുടെ പിതാവിനും വയറിളക്കം ബാധിച്ചിട്ടുണ്ട്. മുന്തിരിയിൽ തളിച്ച മാരകമായ കീടനാശിനിയാണ് വയറിളക്കത്തിന് കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ.
കാമ്പസ് എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് അജീർ മുഹമ്മദ് ഹംദാൻ. യൂണിവേഴ്സിറ്റി ബസ് സ്റ്റോപ്പ് പരിസരത്ത് നിന്നും വാങ്ങിയ കുരുവില്ലാത്ത പച്ചമുന്തിരി കഴിച്ചതിനെ തുടർന്നാണ് വയറുവേദനയും വയറിളക്കവും അനുഭവപ്പെട്ടത്.
ചൊവ്വാഴ്ച വൈകിട്ട് വാങ്ങിയ മുന്തിരി നന്നായി കഴുകിയ ശേഷമാണ് കഴിച്ചതെങ്കിലും രാത്രിയോടെ അസുഖമുണ്ടായി. രക്ഷിതാക്കളുടെ പരാതിയിൽ ആരോഗ്യവിഭാഗം അന്വേഷണം ആരംഭിച്ചു. പരാതിയെ തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ പി. ഗോപിനാഥ് ആശുപത്രിയിൽ കുട്ടിയെ സന്ദർശിച്ചു വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് വള്ളിക്കുന്ന് സർക്കിൾ ഫുഡ് ആന്റ് സേഫ്റ്റി വിഭാഗത്തിലേക്ക് മുന്തിരി പരിശോധനയ്ക്കയച്ചു.
നേരത്തെ ദേശീയ പാതയോരത്ത് വിൽപ്പനയ്ക്ക് വച്ച പൈനാപ്പിൾ കഴിച്ച് തിരൂരങ്ങാടിയിലെ ഒരു കുടുംബത്തിനും ഭക്ഷ്യവിഷബാധയേറ്റിരുന്നു.