നിലമ്പൂർ: ചാലിയാർ പഞ്ചായത്തിൽ പ്രളയ ബാധിത പട്ടിക വർഗ്ഗ കുടുംബങ്ങൾക്കുള്ള ഭൂമി വിതരണവും പുനരധിവാസ പ്രവൃത്തികളുടെ ഉദ്ഘാടനവും മന്ത്രി ഇ.ചന്ദ്രശേഖരൻ നിർവഹിച്ചു. വനം-വന്യജീവി വകുപ്പിൽ നിന്നും ലഭിച്ച ഭൂമിയാണ് 34 കുടുംബങ്ങൾക്കായി വിതരണം ചെയ്തത്. അകമ്പാടം ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങിൽ പി.കെ. ബഷീർ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. ഡിസാസ്റ്റർ മാനേജ്മെന്റ് ഡെപ്യൂട്ടി കളക്ടർ ഡോ.ജെ.ഒ.അരുൺ റിപ്പോർട്ട് അവതരിപ്പിച്ചു. പി.വി.അബ്ദുൾ വഹാബ് എം.പി, പി.വി.അൻവർ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുഗതൻ, ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഉസ്മാൻ എന്നിവർ വിശിഷ്ടാതിഥികളായി. ജില്ലാ പഞ്ചായത്തംഗം ഷേർളി വർഗ്ഗീസ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.ടി.കുഞ്ഞാൻ, മെമ്പർ ഷീന ആനപ്പാൻ, പെരിന്തൽമണ്ണ സബ് കളക്ടർ അനുപം മിശ്ര , നോർത്ത് ഡി.എഫ്.ഒ വർക്കഡ് യോഗേഷ് നീൽകണ്ഠ്, ഐ.ടി.ഡി.പി ഓഫീസർ ടി.ശ്രീകുമാരൻ, പി.എ.ഷാജി, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ കളക്ടർ അമിത് മീണ സ്വാഗതവും നിലമ്പൂർ തഹസിൽദാർ വി.സുബാഷ് ചന്ദ്രബോസ് നന്ദിയും പറഞ്ഞു. ചാലിയാർ പഞ്ചായത്തിലെ കണ്ണൻകുണ്ടിലെ 25 ഏക്കർ സ്ഥലമാണ് വനംവകുപ്പിൽ നിന്നും ഏറ്റെടുത്തത്. 34 പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് അരയേക്കർ ഭൂമി വീതമാണ് നല്കുന്നത്. 34 കുടുംബങ്ങൾക്കുമുള്ള ഭൂമിയുടെ രേഖകളും കൈമാറി. ഏറ്റെടുത്ത ഭൂമിയിൽ ട്രൈബൽ വില്ലേജ് പൂർത്തിയാക്കാനുള്ള നടപടികളും നടത്തും.