പരപ്പനങ്ങാടി: മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരമുയർത്താൻ സംസ്ഥാന സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പരപ്പനങ്ങാടി ഫിഷിംഗ് ഹാർബറിന്റെ ശിലാസ്ഥാപനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
യന്ത്രവത്കൃത ബോട്ടുകൾക്കും പരമ്പരാഗത യാനങ്ങൾക്കും ഏതു കാലാവസ്ഥയിലും ആശ്രയിക്കാവുന്ന തരത്തിലാണ് ഹാർബർ സജ്ജീകരിക്കുക.കേരള പുനർനിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കും. ഭവനരഹിതരായ മത്സ്യത്തൊഴിലാളികൾക്ക് സ്വന്തമായി വീട് ഒരുക്കാൻ സർക്കാർ പ്രത്യേക പരിഗണനയാണ് നൽകുന്നത്. ഇതിനായി ബഡ്ജറ്റിൽ 1,000 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താൻ മൂന്ന് മറൈൻ ആംബുലൻസുകൾ സജ്ജമാക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജ് സംസ്ഥാന സർക്കാർ നടപ്പാക്കി വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ടു വർഷത്തിനകം പരപ്പനങ്ങാടി ഫിഷിംഗ് ഹാർബർ യാഥാർത്ഥ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷയായ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. തമ്മിൽ പോരടിക്കാതെ പരസ്പരം സഹകരിച്ച്പ്രവർത്തിക്കണമെന്ന് മന്ത്രി മത്സ്യത്തൊഴിലാളികളോടാവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളികൾക്കുള്ള സാറ്റലൈറ്റ് ഫോണിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ച സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർവഹിച്ചു.
തീരദേശമേഖയിലെ സർക്കാർ നടപ്പാക്കുന്ന വികസന പദ്ധതികൾ മത്സ്യത്തൊഴിലാളികൾക്കിടയിൽ മുമ്പെങ്ങുമില്ലാത്ത മാറ്റമുണ്ടാ ക്കിയെന്നും മുൻകാലങ്ങളിൽ സംഘർഷഭരിതമായിരുന്ന തീര പ്രദേങ്ങൾ ശാന്തിയിലേക്കും സമാധാ നത്തിലേക്കും തിരിച്ചെത്തിയെന്നും മന്ത്രി ഡോ: കെ.ടി ജലീൽ പറഞ്ഞു.
ഇ.ടി മുഹമ്മദ് ബഷീർ എം.പി, എം.എൽ.എമാരായ പി.കെ അബ്ദുറബ്, വി. അബ്ദുറഹ്മാൻ, പരപ്പനങ്ങാടി നഗരസഭ ചെയർപേഴ്സൺ വി.വി. ജമീല, മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷൻ അംഗം കൂട്ടായി ബഷീർ, മത്സ്യഫെഡ് ചെയർമാൻ ചിത്തരഞ്ജൻ, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സി.പി. കുഞ്ഞിരാമൻ, സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്ത്, കേരള ആഭരണ നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി സോമസുന്ദരൻ തുടങ്ങിയവർ സംസാരിച്ചു.