മലപ്പുറം: എല്ലാവരുമുണ്ടായിട്ടും ആരുമില്ലാത്തവരെ പോലെ ജീവിക്കാൻ വിധിക്കപ്പെട്ട ജില്ലയിലെ ഗവ. ചിൽഡ്രൻസ് ഹോമിലെ കുരുന്നുകളിപ്പോൾ നിറമുള്ള സ്വപ്നങ്ങളിലാണ്. വേനലവധിക്ക് സ്കൂൾ അടയ്ക്കുമ്പോൾ കുടുംബത്തിന്റെ സ്നേഹവും തണലുമേകാൻ പുതിയ രക്ഷിതാക്കളെത്തുമെന്ന പ്രതീക്ഷയിലാണവർ. വിവിധ കാരണങ്ങളാൽ സ്വന്തം രക്ഷിതാക്കളുടെ കൂടെ താമസിക്കാൻ സാധിക്കാത്ത കുട്ടികളെ മറ്റൊരു കുടുംബത്തിൽ പോറ്റി വളർത്തുന്ന ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യുണിറ്റിന്റെ ഫോസ്റ്റർ കെയർ പദ്ധതിയിൽ ഇത്തവണ ആറു വയസു മുതൽ 16 വയസുവരെ പ്രായമുള്ള 15 കുട്ടികളാണ് ഉൾപ്പെട്ടിട്ടുള്ളത്. വീടുകളിലെ സാഹചര്യം പരിചയപ്പെടുത്താനും കുട്ടികൾക്കും രക്ഷിതാക്കൾക്കും പുതിയ അനുഭവം നൽകാനുമായാണ് ഫോസ്റ്റർ കെയർ പദ്ധതി നടപ്പാക്കുന്നത്.
2015 മുതൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നടപ്പാക്കുന്ന അവധിക്കാല പോറ്റി വളർത്തൽ പദ്ധതിക്ക് ജില്ലയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത് . കുടുംബങ്ങളിലെത്തുന്ന കുട്ടികളെ നെഞ്ചോട് ചേർത്തുവയ്ക്കുന്ന രക്ഷിതാക്കളാണ് പദ്ധതിക്ക് കരുത്തേകുന്നത്. 2015ൽ 18 കുട്ടികളെയും 2016ൽ 13 കുട്ടികളെയും 2017ൽ എട്ട് കുട്ടികളെയും 2018ൽ 11കുട്ടികളെയും വിവിധ കുടുംബങ്ങളിലേക്ക് പോറ്റിവളർത്താൻ നൽകി. നിലവിൽ രണ്ട് മാസത്തേക്ക് താത്ക്കാലികമായാണ് കുട്ടികളെ കൈമാറുന്നതെങ്കിലും കുട്ടിയുടെയും രക്ഷിതാക്കളുടെയും താൽപ്പര്യവും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ റിപ്പോർട്ടും അടിസ്ഥാനമാക്കി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കാലാവധി നീട്ടി നൽകാനാവും. കുടുംബത്തിന്റെ സ്നേഹവും കരുതലും സാന്ത്വനവും കുട്ടികൾക്ക് വലിയ ആശ്വാസവും പുതിയ അനുഭവങ്ങളുമേകുന്നുണ്ട്. പദ്ധതി ഇതിനകം തന്നെ ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.
പോറ്റി വളർത്താം നിങ്ങൾക്കും
നിശ്ചിത ഫോറത്തിൽ മലപ്പുറം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ മാർച്ച് അഞ്ചുവരെ അപേക്ഷ സമർപ്പിക്കാം.
35 വയസ് പൂർത്തിയായ ഏതൊരു ദമ്പതികൾക്കും കുട്ടികളെ പോറ്റി വളർത്തുന്നതിന് അപേക്ഷ സമർപ്പിക്കാം.
നിലവിൽ സ്വന്തം കുട്ടികളുള്ളവർക്കും അപേക്ഷിക്കാനാവും.
സമർപ്പിക്കേണ്ടത് ഇവ
തിരിച്ചറിയൽ രേഖ, കുടുംബ ഫോട്ടോ, വരുമാന സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ നൽകണം.
ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ നിന്നും അപേക്ഷകരുടെ സാമൂഹ്യ പശ്ചാത്തല റിപ്പോർട്ട് തയ്യാറാക്കുന്നതിനായി വീട് സന്ദർശിക്കും.
അപേക്ഷാഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ 9895701222 ,0483 2978888 നമ്പറിലോ dcpumpm@gmail.com ഇ-മെയിലിലോ ബന്ധപ്പെടാം.