മലപ്പുറം: വർദ്ധിപ്പിച്ച വസ്തുനികുതി യഥാസമയം ഈടാക്കുന്നതിലെ അധികൃതരുടെ വീഴ്ച്ച മറച്ചുവച്ച് പിഴപ്പലിശ ഈടാക്കാനുള്ള മലപ്പുറം നഗരസഭയുടെ തീരുമാനം കടുത്ത പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചു.
2013ൽ നികുതി 25 ശതമാനം വർദ്ധിപ്പിച്ചിരുന്നെങ്കിലും ഇതു നഗരസഭ വാങ്ങിയിരുന്നില്ല. പുതിയ നികുതി അടയ്ക്കുന്നവർ ഇത്രയും കാലം വർദ്ധിപ്പിച്ച നികുതി അടയ്ക്കാത്തതിന്റെ പണവും പിഴയും നൽകണമെന്നായിരുന്നു അധികൃതരുടെ നിലപാട്.
യഥാസമയം നികുതി അടക്കുന്നവർ പോലും അധികൃതരുടെ ഭാഗത്തെ വീഴ്ച്ചയെ തുടർന്ന് പിഴപ്പലിശ നൽകേണ്ട അവസ്ഥയിലായിരുന്നു.
പ്രതിഷേധം ശക്തമായതോടെ കുടുംബശ്രീ പ്രവർത്തകർ മുഖേന വീടുകൾ കയറിയിറങ്ങി നികുതി പിരിച്ചെടുക്കാനുള്ള തീരുമാനത്തിലായിരുന്നു നഗരസഭ.
കുടുംബശ്രീ പ്രവർത്തകർക്ക് വീട്ടുനികുതിയും കെട്ടിട നികുതിയും അടയ്ക്കാനുള്ള രണ്ടു നോട്ടീസുകളും നൽകിയിരുന്നു. ഒന്നിൽ ഉടമയുടെ ഒപ്പിട്ട് നഗരസഭയിൽ സമർപ്പിക്കണം. നോട്ടീസ് കൈപ്പറ്റിയവർ കുടുംബശ്രീ പ്രവർത്തകരുമായും നഗരസഭ ജീവനക്കാരുമായും തർക്കങ്ങൾ പതിവായിരുന്നു. തുടർന്ന് സർക്കാർ നിർദ്ദേശപ്രകാരം നഗരസഭയിലെ വസ്തു നികുതി കുടിശ്ശിക മാർച്ച് 31 വരെ ഒറ്റത്തവണയായി അടയ്ക്കുന്നവർക്ക് പിഴപ്പലിശ ഒഴിവാക്കിയിട്ടുണ്ട്. വസ്തുനികുതി മാർച്ച് 31 വരെയുള്ള പൊതുഅവധി ദിവസങ്ങളിലും അടയ്ക്കാമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.