പെരിന്തൽമണ്ണ: 12 കോടിയിലേറെ രൂപ ചെലവിട്ട് നിർമ്മിച്ച കോടതി സമുച്ചയം നാളെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് നാടിന് സമർപ്പിക്കും. രാവിലെ ഒൻപതരയ്ക്ക് നടക്കുന്ന ചടങ്ങിൽ ഹൈക്കോടതി ജഡ്ജി പി.ഡി. രാജൻ അദ്ധ്യക്ഷത വഹിക്കും.
എട്ട് കോടതികൾ ഒരേസമയം പ്രവർത്തിക്കാനുള്ള കോർട്ട് ഹാൾ അടക്കമുള്ള സൗകര്യങ്ങൾ സമുച്ചയത്തിലുണ്ട്. പുരുഷ, വനിതാ അഭിഭാഷകർക്ക് പ്രത്യേകമായി രണ്ടു ഹാളുകൾ, എ.പി.പിമാർക്കുള്ള ഓഫീസ്, ക്ലർക്ക് അസോസിയേഷൻ ഹാൾ, കോടതിക്ക് മുൻവശത്ത് കമ്പ്യൂട്ടർ സൗകര്യങ്ങളോടെ ജുഡീഷ്യൽ സർവീസ് സെന്റർ, എഴുപതോളം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം തുടങ്ങിയവയും അഞ്ച് നിലകളുള്ള സമുച്ചയത്തിലുണ്ട്.
നിലവിൽ പെരിന്തൽമണ്ണയിലെ ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒന്നും രണ്ടും കോടതികൾ, മുൻസിഫ് കോടതി എന്നിവയ്ക്ക് പുറമേ മാസത്തിലൊരിക്കൽ ക്യാമ്പ് സിറ്റിംഗ് നടക്കുന്ന മലപ്പുറം കുടുംബകോടതി, മഞ്ചേരി മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ എന്നിവയും ആദ്യഘട്ടത്തിൽ പ്രവർത്തിച്ചു തുടങ്ങും. താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയുടെ ഓഫീസും സമുച്ചയത്തിൽ പ്രവർത്തിക്കും. നിലവിലെ കോടതികളിലുണ്ടായിരുന്ന വസ്തുക്കൾ പുതിയ സമുച്ചയത്തിലേക്ക് മാറ്റി. നാളെ ചീഫ് ജസ്റ്റിസിന്റെ സാന്നിദ്ധ്യത്തിൽ തന്നെ കോടതികൾ പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ച് തുടങ്ങും.
ഹൈക്കോടതി അനുവദിക്കുന്ന പക്ഷം നാല് കോടതികൾ കൂടി പ്രവർത്തിപ്പിക്കാനുള്ള സൗകര്യം സമുച്ചയത്തിലുണ്ട്.
മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ കോടതി, സബ് കോടതി എന്നിവ പെരിന്തൽമണ്ണയ്ക്ക് അനുവദിക്കണമെന്ന് ബാർ അസോസിയേഷൻ ഹൈക്കോടതിക്ക് അപേക്ഷ നൽകിയിട്ടുണ്ട്.
സെഷൻസ് കോടതി ജഡ്ജി സുരേഷ്കുമാർ പോൾ, മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ടി. മധുസൂദനൻ, പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ്(രണ്ട്) സുനിൽകുമാർ, പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ്(ഒന്ന്) ടി. ആൻസി, പെരിന്തൽമണ്ണ ബാർ അസോസിയേഷൻ പ്രസിഡന്റ് എ.ടി. അയമുട്ടി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.