പെരിന്തൽമണ്ണ: തീപിടിത്തമുണ്ടായാൽ പെരിന്തൽമണ്ണ ഫയർഫോഴ്സിനെ വിളിക്കുന്നത് സമയം കളയലാകുമെന്ന് വീണ്ടും തെളിയിക്കുകയാണ് ഇന്നലെ നഗരത്തിൽ നടന്ന രണ്ട് തീപിടിത്തങ്ങൾ. വൈകിട്ട് മൂന്നോടെ ഒലിങ്കരയിലെ കോ ഓപ്പറേറ്റീവ് സ്കൂളിന് സമീപത്തും പൊന്ന്യകുർശ്ശിയിലുമായി നഗരത്തിലെ രണ്ടിടങ്ങളിലാണ് വലിയ രീതിയിൽ തീപിടിത്തമുണ്ടായത്. രക്ഷാപ്രവർത്തനത്തിന് പെരിന്തൽമണ്ണ ഫയർസ്റ്റേഷനിലേക്ക് വിളിച്ചപ്പോൾ വണ്ടിയില്ലെന്നും കേടാണെന്നുമുള്ള മറുപടികളാണ് നാട്ടുകാർക്ക് ലഭിച്ചത്. ഇതിനിടെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും തീ അണയ്ക്കാൻ പറ്റാത്ത വിധം ആളിക്കത്താൻ തുടങ്ങിയതോടെ വിളി പൊലീസിലേക്കും ജനപ്രതിനിധികളിലേക്കും വരെയെത്തി. നഗരസഭ ചെയർമാനെയും കൗൺസിലർമാരെയും വിളിച്ച് സഹായമഭ്യർത്ഥിച്ചതോടെ മലപ്പുറം ഫയർസ്റ്റേഷനിലേക്ക് വിളിച്ചാണ് ഇവിടെ നിന്ന് ഫയർഫോഴ്സിനെ എത്തിച്ചത്. 20 കിലോമീറ്ററോളം താണ്ടി വേണം മലപ്പുറത്ത് നിന്ന് പെരിന്തൽമണ്ണയിലെത്താൻ എന്നതിനാൽ അടിയന്തര സാഹചര്യങ്ങളിൽ ഇതു സ്ഥിതി വഷളാക്കും. വേനൽച്ചൂട് കനത്തതോടെ വേങ്ങര, കോട്ടയ്ക്കൽ, വളാഞ്ചേരി അടക്കമുള്ള സ്ഥലങ്ങളിലേക്ക് വരെ മലപ്പുറത്ത് നിന്ന് ഫയർഫോഴ്സെത്തേണ്ട സ്ഥിതിയാണിപ്പോൾ. ദേശീയപാതയിൽ ജില്ലയിൽ ഫയർസ്റ്റേഷനില്ലാത്തത് മലപ്പുറം ഫയർസ്റ്റേഷന്റെ ഭാരം ഇരട്ടിപ്പിക്കുന്നുണ്ട്. ഇതിനാൽ തന്നെ മലപ്പുറത്ത് നിന്നുള്ള ഫയർഫോഴ്സിന്റെ സേവനം പലപ്പോഴും ലഭ്യമായെന്നും വരില്ല.
പെരിന്തൽമണ്ണയിൽ മിനി ഫയർസ്റ്റേഷനാണുള്ളത്. ഒരുഫയർ എൻജിനേ ഇവിടെയുള്ളൂ. വാഹനത്തിന്റെ തകരാർ മൂലം പലപ്പോഴും സേവനം യഥാസമയം ലഭിക്കാറുമില്ല. പെരിന്തൽമണ്ണയെ കൂടുതൽ ജീവനക്കാരും സൗകര്യങ്ങളുമുള്ള ഫയർസ്റ്റേഷനാക്കി ഉയർത്തണമെന്ന കാലങ്ങളായുള്ള ആവശ്യം ഇതുവരെ അധികൃതർ ചെവിക്കൊണ്ടിട്ടില്ല.
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ വീർപ്പുമുട്ടുകയാണ് പെരിന്തൽമണ്ണ ഫയർസ്റ്റേഷൻ. പെരിന്തൽമണ്ണ ഫയര്സ്റ്റേഷന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികൾ ഇടപെടണമെന്ന ആവശ്യം ശക്തമാണ്. ബഹുനില കെട്ടിടങ്ങളും വൻകിട ആശുപത്രികളും ഷോപ്പിംഗ് മാളുകളുമുള്ള നഗരത്തിൽ ഏതുസമയത്തും സുസജ്ജരായ ഫയർഫോഴ്സിന്റെ സേവനം അനിവാര്യമാണെന്നിരിക്കെയാണ് പെരിന്തൽമണ്ണ ഫയർസ്റ്റേഷൻ പരാധീനതകളിൽ വീർപ്പുമുട്ടുന്നത്.