മലപ്പുറം: സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ പ്ലാനിംഗ് ഓഫീസുകളുടെ ആസ്ഥാന മന്ദിരം നാളെ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. കളക്ടറേറ്റ് പരിസരത്ത് നടക്കുന്ന ചടങ്ങിൽ മന്ത്രി എ.സി. മൊയ്തീൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി ഡോ.കെ.ടി ജലീൽ മുഖ്യാതിഥിയാവും. എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, പി.വി അബ്ദുൽ വഹാബ്, പി.ഉബൈദുള്ള എം.എൽ.എ തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തും.
സിവിൽ സ്റ്റേഷനിൽ പോസ്റ്റോഫീസിന് സമീപം 11.04 കോടി രൂപ ചെലവിൽ 43 സെന്റ് സ്ഥലത്താണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ജില്ലാ പ്ലാനിംഗ് ഓഫീസ്, ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിറ്റിക്സ് വിഭാഗം, ടൗൺ പ്ലാനിംഗ് എന്നീ മൂന്ന് പ്രധാന ഓഫീസുകളും ഇനി മുതൽ പുതിയ ബിൽഡിംഗിലാണ് പ്രവർത്തിക്കുക.
ജില്ലാ പ്ലാനിംഗ് സെക്രട്ടേറിയറ്റ് എന്നാണ് മന്ദിരം അറിയപ്പെടുക. മൂന്ന് ഓഫീസുകളിലുമായി നൂറിലധികം ജീവനക്കാരുണ്ട്.