rinshad

മലപ്പുറം: കാശ്മീരിനെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് കാമ്പസിൽ പോസ്റ്റർ പതിച്ചതിന് മലപ്പുറം ഗവൺമെന്റ് കോളേജിലെ രണ്ട് വിദ്യാർത്ഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാംവർഷ ബി.കോം വിദ്യാർത്ഥി മേലാറ്റൂർ എടയാറ്റൂരിലെ പാലത്തിങ്ങൽ മുഹമ്മദ് റിൻഷാദ് (20)​,​ ഒന്നാംവർഷ ഇസ്‌ലാമിക് ഹിസ്റ്ററി വിദ്യാർത്ഥി പാണക്കാട് പട്ടർക്കടവിലെ ആറുകാട്ടിൽ മുഹമ്മദ് ഫാരിസ്(18)​ എന്നിവരാണ് അറസ്റ്റിലായത്.

കാമ്പസിൽ തീവ്ര ഇടതുപക്ഷ നിലപാടുകൾ പ്രചരിപ്പിക്കാനായി രൂപവത്കരിച്ച റാഡിക്കൽ സ്റ്റുഡന്റ്സ് ഫോറത്തിന്റെ സ്ഥാപകനാണ് റിൻഷാദ്. ഈ ആശയങ്ങളിൽ ആകൃഷ്ടനായി പേപ്പർ വാങ്ങി പോസ്റ്ററൊട്ടിക്കാൻ സഹായിച്ചത് ഫാരിസാണ്. ബുധനാഴ്ച്ചയാണ് പോസ്റ്റർ ശ്രദ്ധയിൽപെട്ട പ്രിൻസിപ്പൽ പൊലീസിൽ പരാതിപ്പെട്ടത്.

ഫ്രീഡം ഫോർ കാശ്മീർ,​ മണിപ്പൂർ,​ പാലസ്തീൻ എന്നാണ് ഒരു പോസ്റ്ററിലെ ഉള്ളടക്കം. സോളിഡാരിറ്റി വിത്ത് കാശ്മീരി പീപ്പിൾ,​ എൻഡ് ദ ബ്ലഡ് ഷെഡ് ആൻഡ് ഒപ്രഷൻ,​ ആസാദി ഫോർ കാശ്മീർ,​ വോയ്സ് ഒഫ് സെൽഫ് ഡിറ്റർമിനേഷൻ ലോംഗ് ലിവ് എന്നെഴുതിയ മറ്റൊരു പോസ്റ്ററും കണ്ടെത്തി. ഈ പോസ്റ്ററുകൾ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മൂന്ന് വർഷം മുതൽ പത്തുവർ‌ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന 124 (എ)​ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. കാശ്മീരിലെ സംഘപരിവാർ അക്രമണത്തിൽ പ്രതിഷേധിച്ചുള്ള മറ്റൊരു പോസ്റ്ററും ഇവർ‌ പുറത്തിറക്കിയിട്ടുണ്ട്. രണ്ടുപേരെയും സ്പെഷ്യൽ ബ്രാഞ്ചും പൊലീസും ചോദ്യം ചെയ്തു. മാവോയിസ്റ്റ്,​ തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി ഇവർക്ക് ബന്ധമുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ഇന്നലെ മലപ്പുറം സി.ജെ.എം കോടതിയിൽ ഹാജരാക്കിയ പ്രതികളെ മൂന്നുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

അന്താരാഷ്ട്ര ബന്ധവും

ഫിലിപ്പൈൻസിലെ രണ്ട് തീവ്ര ഇടതുപക്ഷ സംഘടനകളിലെ നേതാക്കളുമായി ഫേസ്‌ബുക്ക് മുഖേന റിൻഷാദ് നിരന്തരം ബന്ധപ്പെട്ടിരുന്നതായി ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ പറഞ്ഞു. എസ്.എഫ്.ഐ അനുഭാവിയായിരുന്ന റിൻഷാദ് സംഘടനയ്ക്ക് തീവ്രത പോരെന്ന് ചൂണ്ടിക്കാട്ടി നാല് മാസം മുമ്പാണ് റാഡിക്കൽ സ്റ്റുഡന്റ്സ് ഫോറത്തിന് രൂപമേകിയത്. സംഘടനയ്ക്ക് പ്രിൻസിപ്പൽ പ്രവർത്തനാനുമതി നൽകിയില്ല. ആദ്യഘട്ടത്തിൽ ചർച്ചാവേദി രൂപവത്കരിച്ച് ആക്ടിവിസ്റ്റുകളെ കാമ്പസുകളിലെത്തിച്ചു. സ്ത്രീ സമത്വം,​ സ്ത്രീരാഷ്ട്രീയം,​ ശബരിമല വിഷയങ്ങളിൽ ചർച്ചകൾ സംഘടിപ്പിച്ചു. വിദ്യാർത്ഥിനികളടക്കം ഇതിൽ പങ്കെടുത്ത മുഴുവൻ പേരെയും ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. കലാപകാരി എന്ന ഫേസ്‌ബുക്ക് കൂട്ടായ്മയും രൂപവത്കരിച്ചിട്ടുണ്ട്. പത്താംക്ലാസ് മുതൽ വിദ്യാർത്ഥി സംഘടനാപ്രവർത്തനങ്ങളിൽ സജീവമാണ് റിൻഷാദ്.