മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ പുതിയ അന്താരാഷ്ട്ര ടെർമിനൽ നാടിന് സമർപ്പിച്ചു. കരിപ്പൂരിലും ഡൽഹിയിലും തിരുവനന്തപുരത്തുമായി നടന്ന ചടങ്ങിൽ ജസ്റ്റിസ് പി.സദാശിവം വീഡിയോ കോൺഫറൻസ് വഴി ടെർമിനൽ ഉദ്ഘാടനം നിർവ്വഹിച്ചു.
പുതിയ ടെർമിനൽ കരിപ്പൂരിന്റെ വികസനത്തിനും യാത്രക്കാരുടെ സൗകര്യത്തിനും മുതൽക്കൂട്ടാവുമെന്ന് ഗവർണർ പറഞ്ഞു. ഡൽഹിയിൽ നിന്നു വീഡിയോ കോൺഫറൻസിലൂടെ കേന്ദ്രമന്ത്രി സുരേഷ് പ്രഭു മുഖ്യപ്രഭാഷണം നടത്തി. രാജ്യത്ത് തന്നെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കൽ ടൂറിസം ഉൾപ്പെടെ ടൂറിസം രംഗത്ത് ഏറെ സാദ്ധ്യതകളുള്ള നാടാണ് കേരളം. വ്യോമയാന സൗകര്യം ടൂറിസം വികസനത്തിന് അനിവാര്യമാണ്. സംസ്ഥാനത്തെ പ്രവാസികൾക്കും ഇവ ഏറെ അനുഗ്രഹമാണെന്നും മന്ത്രി പറഞ്ഞു. മന്ത്രി കെ.ടി. ജലീൽ പ്രസംഗിച്ചു. കരിപ്പൂർ വിമാനത്താവളത്തിൽ കൂടുതൽ സൗകര്യങ്ങൾ അനിവാര്യമാണെന്നും കരിപ്പൂരിനെ തകർക്കാൻ അനുവദിക്കില്ലെന്നും വിമാനത്താവള ഉപദേശക സമിതി ചെയർമാൻ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.
ഡൽഹിയിൽ കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ, എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ ചെയർമാൻ ഡോ.ഗുരുപ്രസാദ് മൊഹാപാത്ര എന്നിവർ സന്നിഹിതരായിരുന്നു.
കരിപ്പൂരിൽ നടന്ന ചടങ്ങിൽ എയർപോർട്ട് ഡയറക്ടർ കെ.ശ്രീനിവാസ റാവു, ദക്ഷിമേഖല എൻജിനീയറിംഗ് ജനറൽ മാനേജർ ജി.രാജശേഖരൻ , പി.വി.അബ്ദുൽ വഹാബ് എം.പി, ടി.വി. ഇബ്രാഹീം എം.എൽ.എ, പി.അബ്ദുൽ ഹമീദ് എം.എൽ.എ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്റോട്ട് ഫാത്തിമ, ഹജ്ജ് കമ്മിറ്റി ചെയർമാൻ പി.മുഹമ്മദ് ഫൈസി തുടങ്ങിയവർ പങ്കെടുത്തു. ആഗമന ടെർമിനലിന്റെ നിർമ്മാണം പൂർത്തിയാക്കിയ വിവിധ ഏജൻസികളെയും ഉദ്യോഗസ്ഥരെയും ചടങ്ങിൽ ആദരിച്ചു.
അത്യാധുനിക സംവിധാനങ്ങൾ
1500 പേർക്ക് ഒരേ സമയം ഉപയോഗി ക്കാവുന്ന തരത്തിൽ ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ഈ പുതിയ ടെർമിനലിൽ അഞ്ച് അത്യാധുനിക എയറോ ബ്രിഡ്ജുകൾ, മൂന്ന് എസ്ക്കലേറ്ററുകൾ, നീളം കൂടിയ മൂന്ന് കൺവേയർ ബെൽട്ടുകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്.
പ്രകൃതി വെളിച്ചം പരമാവധി പ്രയോജനപ്പെടുത്തി കേന്ദ്രീകൃത ശീതീകരണ സംവിധാനത്തോടെയാണ് ടെർമിനൽ നിർമ്മിച്ചത്.
പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചിട്ടുണ്ട്.
1,50,000 ലിറ്റർ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണിയും പണി തീർത്തു.
എമിഗ്രേഷൻ, കസ്റ്റംസ് വിഭാഗങ്ങളുടെ 20 കൗണ്ടറുകൾ വീതവും വിവിധ വിമാനക്കമ്പനികളുടെ ഓഫീസുകളും ഇതിൽ പ്രവർത്തിക്കും.