പൊന്നാനി: പ്രളയാനന്തര കേരളത്തിൽ വലിയ തോതിലുള്ള കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് വിദഗ്ദ്ധ പഠനം. സമീപഭാവിയിൽ കേരളത്തിൽ കൊടുംചൂട് അനുഭവപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് ഡൽഹി സി.എസ്.ഐ.ആറിലെ മുതിർന്ന ശാസ്ത്രജ്ഞനും കാലാവസ്ഥാ വ്യതിയാന ഗവേഷകനുമായ ഡോ. ജെ.സുന്ദരേശന്റെ നേതൃത്വത്തിൽ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു.
കേരളത്തിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ 0.64 ഡിഗ്രി സെന്റിഗ്രേഡ് താപനില വർദ്ധിച്ചിട്ടുണ്ട്. ആഗോള താപനത്തിന്റെയും ഗ്രീൻ ഹൗസ് ഗ്യാസിന്റെയും ഭാഗമായി ഉണ്ടായ മാറ്റങ്ങൾ കേരളത്തിൽ പ്രത്യക്ഷമായി പ്രകടമാകും.
1990നു ശേഷം കേരളത്തിലും ഇന്ത്യയിലെ മറ്റു ചിലയിടങ്ങളിലും അന്തരീക്ഷ ഊഷ്മാവ് അനിയന്ത്രിതമായി ഉയർന്നിട്ടുണ്ട്. വേനൽമഴയിലെ വർദ്ധനവ് കേരളത്തിൽ കൂടുതലായുണ്ടാകും. മൺസൂൺ കാലത്ത് മഴ കുറയും. മൺസൂണിന് മുൻപോ ശേഷമോ കനത്ത മഴയുണ്ടാവുകയും ചെയ്യും. ഇത്തരത്തിലുള്ള മാറ്റം പ്രകടമായി തുടങ്ങിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന് പ്രത്യക്ഷ തെളിവായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. കേരളത്തിലുണ്ടായ പ്രളയത്തിലേക്കു നയിച്ച പെരുമഴ ഇത്തരത്തിലുള്ളതാവാനുള്ള സാദ്ധ്യതയാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
വേനലിന് മുൻപു തന്നെ കടുത്ത ചൂട് അനുഭവപ്പെടുന്നത് ഇപ്പോൾ കൂടുതൽ മഴ ലഭിച്ചുകൊണ്ടിരിക്കുന്ന പ്രദേശങ്ങളിൽ മഴ കുറയാനും മറ്റിടങ്ങളിൽ അപ്രതീക്ഷിത മഴയ്ക്കും കാരണമാവും. അന്തരീക്ഷ ഊഷ്മാവ് ഉയരുന്നതോടെ നീരാവിയുടെ അളവ് കൂടി അപ്രതീക്ഷിതമായ കനത്തമഴ പെയ്യുമെന്ന ആശങ്കയാണ് പഠനം പങ്കുവയ്ക്കുന്നത്.
പ്രതീക്ഷിക്കാനാവാത്ത കാലാവസ്ഥ വ്യതിയാനത്തിനൊപ്പമാണ് കേരളമുള്ളതെന്ന് പഠനസംഘത്തിലുണ്ടായിരുന്ന ജപ്പാൻ അഡ്വാൻസ്ഡ് ടെക്നോളജീസിലെ ഡോ. അബ്ദുള്ള ബാവ പറഞ്ഞു.
ലണ്ടൻ സർവകലാശാലയിലെ ഡോ. ആൻഡ്രിയ ഡെറി, കൊച്ചിൻ സർവകലാശാലയിലെ ഡോ. ബി.ചക്രപാണി, നെതർലൻഡ്സ് ഹാൻസ് സർവകലാശാലയിലെ ഡോ. ആർ.റോബ്, യു.കെ. സസക്സ് സർവകലാശാലയിലെ ഡോ. മാക്സ് മാർട്ടിൻ എന്നിവരും ചേർന്നാണ് പഠനം നടത്തിയത്.
ഗുരുതരമാവാം
താപനിലയിലെ മാറ്റം പ്രകൃതിസമ്പത്തിനെ കാര്യമായി ബാധിക്കും.
കൃഷി, വനം, ജൈവവൈവിദ്ധ്യം, കുടിവെള്ളം, സമുദ്രോത്പന്നങ്ങൾ എന്നിവയെ ഇത് കാര്യമായി ബാധിക്കും.
സമുദ്രനിരപ്പ് ഉയരാനുള്ള സാദ്ധ്യതയുണ്ട്. ശുദ്ധജല സംഭരണികളിലേക്കുള്ള സമുദ്രജല പ്രവാഹത്തിന്റെ തോത് വർദ്ധിക്കാൻ ഇത് കാരണമാകും.
പരമ്പരാഗത കൃഷികളെ കാലം തെറ്റിയുള്ള മഴയും അമിത ചൂടും ഇല്ലാതാക്കും.
വയനാട് മേഖലയിൽ താപനില ഉയരുന്നത് ഈ മേഖലയിലെ ജൈവസമ്പത്തിനെ ബാധിക്കും.
കാലാവസ്ഥ വ്യതിയാനമുണ്ടാക്കുന്ന മാറ്റങ്ങളെ എങ്ങിനെ പ്രതിരോധിക്കാനാവുമെന്ന് ആലോചിക്കണം. കാലാവസ്ഥ മാറ്റം തടയാൻ ശാസ്ത്രത്തിനോ സാങ്കേതിക വിദ്യകൾക്കോ ആവില്ല. അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറയ്ക്കാനാവുന്ന വഴികൾ ശാസ്ത്രീയമായി തേടണം
ഡോ.അബ്ദുള്ള ബാവ
പഠനസംഘത്തിലെ അംഗം