പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മൗലാനാ ആശുപത്രിയിലെ ഇലക്ട്രിക്കൽ വിഭാഗത്തിന്റെ കെട്ടിടത്തിൽ തീ പടർന്നത് പരിഭ്രാന്തി പരത്തി. മൂന്ന് കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇലക്ട്രിക്കൽ വിഭാഗത്തിന്റെ കെട്ടിടം രോഗികളെ പ്രവേശിപ്പിക്കുന്ന കെട്ടിടത്തിൽ നിന്നും മാറിയാണ് സ്ഥിതി ചെയ്യുന്നതെന്നതിനാൽ രോഗികൾക്കും മറ്റും യാതൊരു വിധ പ്രശ്നങ്ങളും ഉണ്ടായില്ല. ഒരു ആശുപത്രി ജീവനക്കാരന് വീണ് പരിക്കേറ്റു.
ഇന്നലെ കാലത്ത് 10.30ഓടെയാണ് തീ പടർന്നത്. ജനറേറ്ററുകൾ പ്രവർത്തിക്കുന്ന ഭാഗത്തുനിന്നും തീ പടരുകയും ഡീസൽ ടാങ്കിന് തീപിടിച്ച് സമീപത്തുള്ള ഇലക്ട്രിക് പാനലുകളിലേക്കു് വ്യാപിക്കുകയുമായിരുന്നു. പെരിന്തൽമണ്ണ, മലപ്പുറം, മണ്ണാർക്കാട് എന്നിവിടങ്ങളിൽ നിന്നായി അഞ്ച് യൂണിറ്റ് ഫയർ എൻജിനുകൾ എത്തി പതിനൊന്നരയോടെ തീ പൂർണ്ണമായി അണച്ചു. ആശുപത്രിയിലെ വൈദ്യുതി, വെള്ളം എന്നിവ പൂർണ്ണമായും തടസ്സപ്പെട്ടതിനാൽ ഗുരുതരാവസ്ഥയിലുള്ള രോഗികളെ സമീപ ആശുപത്രികളിലേക്ക് മാറ്റി.
ഡോക്ടർമാർ അതതു ആശുപത്രിയിൽ ചെന്ന് രോഗികളെ പരിശോധിച്ചു. ജനറേറ്ററുകൾക്കും അനുബന്ധ ഇലക്ട്രിക് പാനലുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചതിനാൽ ജനറേറ്ററുകൾ വാടകയ്ക്കെടുത്ത് വൈദ്യുതി, വെള്ളം എന്നിവ ആശുപത്രിയിൽ ഒരുക്കുന്ന പ്രവൃത്തി പൂർത്തിയായതായി ആശുപത്രി അധികൃതർ അറിയിച്ചു.