പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലെ തീപിടിത്തം വളരെ വേഗം നിയന്ത്രണ വിധേയമാക്കാനായെങ്കിലും സോഷ്യൽമീഡിയയിലൂടെ പരന്ന കിംവദന്തികൾപരിഭ്രാന്തി പരത്തി. ആശുപത്രി മുഴുവൻ തീപിടിച്ചതായാണ് വാർത്തകൾ പരന്നത്. ആശുപത്രിക്കുള്ളിലുള്ള പലരും സോഷ്യൽ മീഡിയയിലൂടെയാണ് വാർത്തയറിഞ്ഞത് . നിരവധിയാളുകൾ മരിച്ചതായും അനവധി പേർക്ക് പരിക്കേറ്റതായും വിവിധ ഗ്രൂപ്പുകളിൽ തരം പോലെ വാർത്ത പടർന്നു. ഇതോടെ ആശുപത്രിയിൽ ഉള്ളവരും പുറത്തുള്ള ബന്ധുക്കളും നാട്ടുകാരും ഒരുപോലെ പരിഭ്രാന്തരായി. പലരും ആശുപത്രിയിൽ നിന്നും ഇറങ്ങി ഓടാനും തുടങ്ങി.
അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ പരിസരത്ത് രോഗികൾ കിടക്കുന്ന റൂമുകളിലേക്ക് പുക പടരാൻ തുടങ്ങിയതോടെ ഈ ഭാഗത്ത് നിന്നും ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ ഭാഗത്തേക്ക് ഇവരെ ഉടനടി മാറ്റി. വൈദ്യുതി ബന്ധം എല്ലായിടത്തും പൂർണ്ണമായി നിലനിറുത്താൻ സാധിക്കാതെ വന്നതോടെ അത്യാസന്ന നിലയിലുണ്ടായിരുന്നവരും ഓപ്പറേഷൻ കഴിഞ്ഞവരുമായ ഇരുപത്തഞ്ചോളം രോഗികളെ നഗരത്തിലെ തൊട്ടടുത്ത വിവിധ ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയോടെ തന്നെ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചു.