തിരൂരങ്ങാടി: ആളില്ലാത്ത വീട്ടിൽ നിന്നും മോഷ്ടിച്ച എ.ടി.എം കാർഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്നും 25,000 രൂപ പിൻവലിച്ചതായി കണ്ടെത്തി. താഴെ ചേളാരിയിലെ വെള്ളേടത്ത് കരുണയിൽ ബാവയുടെ വീട്ടിലാണ് രണ്ടാഴ്ച മുമ്പ് മോഷണം നടന്നത്. വീട്ടിൽ ആളില്ലാതിരുന്ന സമയത്താണ് 15,000 രൂപ, വസ്ത്രങ്ങൾ, രണ്ട് മൊബൈൽ ഫോണുകൾ, ഒരു എ.ടി.എം. കാർഡ് തുടങ്ങിയവ മോഷ്ടിക്കപ്പെട്ടത്. വിശദമായ പരിശോധനയിലാണ്എ. ടി.എം കാർഡും നഷ്ടപ്പെട്ടതായി വീട്ടുകാർക്ക് മനസ്സിലായത്. വസ്ത്രങ്ങൾക്കൊപ്പമാണ് എ.ടി.എം. കാർഡ് സൂക്ഷിച്ചിരുന്നത്. തുടർന്ന് കാർഡ് ബ്ലോക്ക് ചെയ്യാനായി ബാങ്കിലെത്തിയപ്പോഴാണ് പണം പിൻവലിച്ചതായി അറിയുന്നത്. കോട്ടയ്ക്കലിലുള്ള എ.ടി.എം കൗണ്ടറിൽ നിന്നാണ് പണം പിൻവലിച്ചിരിക്കുന്നത്. പർദ്ദധാരിയാണ് പണം പിൻവലിച്ചതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്നും മനസ്സിലായി. വീട്ടിൽ നിന്നും മോഷ്ടിച്ച പർദ്ദ തന്നെയാണ് ധരിച്ചിരുന്നതെന്നും സംശയമുണ്ട്. മോഷണം നടന്നെന്ന് കരുതുന്ന സമയത്ത് വീട്ടുപരിസരത്ത് എത്തിയ വാഹനം കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതപ്പെടുത്തിയതായി തിരുരങ്ങാടി പൊലീസ് അറിയിച്ചു. കാറിന്റെ ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു.