bsnl
പരപ്പനങ്ങാടി അഞ്ചപ്പുരയിൽ നാടുകാണി പാത നിർമ്മാണം നടക്കുന്നതിനിടയിൽ മുറിഞ്ഞു കിടക്കുന്ന കേബിൾ വയറുകൾ

പരപ്പനങ്ങാടി : നാടുകാണി -പരപ്പനങ്ങാടി പാതയുടെ പ്രവൃത്തിക്കിടെ ബി.എസ്.എൻ.എല്ലിൻറെ കേബിളുകൾ മുറിഞ്ഞ് പരപ്പനങ്ങാടിയിൽ അമ്പതോളം ടെലഫോണുകൾ നിശ്ചലമായി. ജീവനക്കാരുടെ കുറവും അനുബന്ധ പ്രശ്നങ്ങളും കാരണം ഇവ നന്നാക്കാനുള്ള നടപടി വൈകുകയാണ്.

ഉള്ള ജോലിക്കാർക്ക് വേതനം കുറവാണെന്ന പരാതിയുണ്ട്. 400 രൂപയാണ് ദിവസവേതനം. ഇതു തന്നെ ശരിയാംവണ്ണം കിട്ടുന്നുമില്ലത്രേ. കേബിൾ ജോയിന്റുമാരായി പരപ്പനങ്ങാടി എക്സ്ചേഞ്ച് പരിധിയിൽ നാലു പേരാണ് ഇപ്പോഴുള്ളത് . ഡിസംബറിന് ശേഷം ഇവർക്ക് വേതനം ലഭിച്ചിട്ടില്ലത്രേ.

റോഡിൽ വാഹന ഗതാഗതം നിയന്ത്രിക്കാനുള്ള ബാരിക്കേഡ് സംവിധാനം ഇല്ലാത്തതും റോഡരികിലെ പണിക്ക് കേബിൾ ജോയിന്റുമാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

പരപ്പനങ്ങാടി എക്സ്ചേഞ്ച് പരിധിയിൽ നേരത്തെ ആറായിരത്തോളം ടെലഫോൺ കണക്‌ഷനുകളായിരുന്നത് ഇപ്പോൾ രണ്ടായിരത്തോളമായി ചുരുങ്ങി. ഉള്ള കണക്‌ഷനുകൾ നിലനിറുത്താനുള്ള ചെലവും ജോലിക്കാരുടെ കൂലി വർദ്ധനവും എല്ലാമാവുമ്പോൾ നഷ്ടമാണുള്ളതെന്നു ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഒരുദ്യോഗസ്ഥൻ പറഞ്ഞു . ഒപ്റ്റിക്കൽ ഫൈബർ വഴി കേബിൾ ഓപ്പറേറ്റർമാർക്കു ടെലിഫോൺ, ഇന്റർനെറ്റ് സൗകര്യം ഉപഭോക്താക്കൾക്ക് നല്കാൻ കരാറായിട്ടുണ്ടെന്നും ഇതോടെ കേബിൾ തകരാറു മൂലമുള്ള പരാതികൾ ഒഴിവാക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .