എടവണ്ണ: തുവ്വക്കാട് പെയിന്റ് ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം. അരിമംഗലത്തിനടുത്ത് ആപ്പറ്റക്കുന്ന് കാഞ്ഞിരമുക്ക് റോഡിന് സമീപത്തെ പെയിന്റ്, സീലർ, തിന്നർ തുടങ്ങിയവ സൂക്ഷിച്ച ഗോഡൗണിനാണ് ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ തീ പിടിച്ചത്. 15ഓളം ഫയർഫോഴ്സ് വാഹനങ്ങളെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. രാത്രി വൈകിയും തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ഉച്ചയ്ക്ക് വൻ ശബ്ദത്തോടെ സ്‌ഫോടനമുണ്ടാവുകയും തീ ആളിപ്പടരുകയുമായിരുന്നു. ജീവനക്കാർ ഓടി രക്ഷപ്പെട്ടു. ഒരു കിലോമീറ്റർ ചുറ്റളവിലെ വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. ഗോഡൗണിലേക്ക് പെയിന്റുൾപ്പെടെയുള്ള സാധനങ്ങളുമായെത്തിയ നാഷണൽ പെർമിറ്റ് ലോറിയടക്കമുള്ള വാഹനങ്ങൾ പൂർണ്ണമായും കത്തി നശിച്ചു. ഗോഡൗണിന് പുറത്തുണ്ടായിരുന്ന മിനിലോറിയും കത്തി. ഉഗ്ര സ്‌ഫോടനത്തിൽ സമീപത്തെ വീടിന്റെ വാട്ടർ ടാങ്ക് തകർന്നു. വീട്ടിൽ നിറുത്തിയിട്ടിരുന്ന കാറിന്റെ പിൻഭാഗവും തകർന്നിട്ടുണ്ട്. സമീപത്തുള്ള മരങ്ങളും കത്തിനശിച്ചു.
പൊലീസും നാട്ടുകാരും സന്നദ്ധ സംഘടനാ പ്രവർത്തകരും തിരുവാലി, നിലമ്പൂർ, മഞ്ചേരി, പെരിന്തൽമണ്ണ,മലപ്പുറം എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്‌നിശമന സേനാംഗങ്ങളും തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർച്ചയായി വെള്ളം പമ്പ് ചെയ്തെങ്കിലും തീ ആളിപ്പടരുകയാണുണ്ടായത്. തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഫയർ ആന്റ് സേഫ്റ്റിയുടെ വാഹനമെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് യൂണിറ്റിൽ നിന്ന് കൂടുതൽ വാഹനങ്ങളെത്തിച്ചെങ്കിലും തീ പടരാതിരിക്കാനാണ് മുൻഗണന നൽകിയത്. തീപിടിത്തമുണ്ടായ ഗോഡൗണിന് സമീപം മറ്റൊരു ഗോഡൗണുമുണ്ട്.