ചങ്ങരംകുളം: ചങ്ങരംകുളത്തും ചേളാരിയിലുമുണ്ടായ രണ്ട് വാഹനാപകടങ്ങളിൽ മൂന്നുപേർ മരിച്ചു. ചങ്ങരംകുളത്ത് റോഡരികിൽ നിറുത്തിയിട്ട കണ്ടെയ്നർ ലോറിക്ക് പിന്നിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി മൂവാറ്റുപുഴ കട്ടക്കയം കണ്ടോത്തിക്കുടി വളപ്പിൽ ഷിബിൻ(29), വാഴപ്പിള്ളി പടിഞ്ഞാറെച്ചാലിൽ സമർ പി. യൂസഫ്(28), ചേളാരി ചെട്ടിപ്പടി റോഡിലെ പാണക്കാട് ഇറക്കത്തിൽ വച്ച് സ്വകാര്യബസ് ബൈക്കിലിടിച്ച് ചേളാരി പാണക്കാട് പടിഞ്ഞാറെ പീടിയേക്കൽ അബ്ദുൾ മജീദിന്റെ മകൻ മുഹമ്മദ് ഫായിസ്(19) എന്നിവരാണ് മരിച്ചത്. ചങ്ങരംകുളം അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രക്കാരൻ മൂവാറ്റുപുഴ ചെരുവിക്കാട്ടിൽ ഷാജി(47) തൃശൂർ അശ്വിനി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ കുറ്റിപ്പുറം- തൃശൂർ സംസ്ഥാനപാതയിൽ ചങ്ങരംകുളത്തിനടുത്ത് വളയംകുളം എം.വി.എം സ്‌കൂളിന് സമീപത്താണ് രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടം. കോഴിക്കോട് പോയി തിരിച്ച് വരികയായിരുന്ന മൂവാറ്റുപുഴ സ്വദേശികൾ സഞ്ചരിച്ച ആൾട്ടോ കാർ റോഡരികിൽ നിറുത്തിയിട്ട കണ്ടൈയ്നർ ലോറിക്ക് പിന്നിലിടിക്കുകയായിരുന്നു. പുലർച്ചെയായതിനാൽ അപകടവിവരം അറിയാൻ വൈകി. ഏറെ സമയത്തിന് ശേഷം അപകടം കണ്ട ചില യാത്രക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. ചങ്ങരംകുളം പൊലീസും ഹൈവേ പൊലീസും ആംബുലൻസ് ഡ്രൈവർമാരും സ്ഥലത്തെത്തി വാഹനം പൊളിച്ച് കാറിനകത്ത് രക്തം വാർന്ന് കിടന്ന മൂവരെയും ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും രണ്ടുപേർ മരിച്ചിരുന്നു.
തൃശൂർ അശ്വിനി ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ച ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയാണ് ചേളാരി ചെട്ടിപ്പടി റോഡിലെ പാണക്കാട് ഇറക്കത്തിൽ വച്ച് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യബസ് ഫായിസ് സഞ്ചരിച്ച ബൈക്കിലിടിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ തയ്യിലക്കടവ് ജുമാഅത്ത് പള്ളിയിൽ ഖബറടക്കും. മാതാവ്: റസിയാബി. സഹോദരങ്ങൾ: ഫവാസ്, മുഹമ്മദ് ഫർസാൻ