പൊന്നാനി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പൊന്നാനി അഴിമുഖത്ത് ജങ്കാർ എത്തി. മാർച്ച് രണ്ട് മുതൽ സർവ്വീസ് ആരംഭിക്കും. പൊന്നാനിയിൽ നിന്ന് പടിഞ്ഞാറെക്കരയിലേക്കാണ് സർവ്വീസ് നടത്തുക. ഈ മേഖലയിലെ യാത്രക്കാരുടെ ദീർഘനാളത്തെ ദുരിതത്തിനാണ് പരിഹാരമാകുന്നത്.
കൊച്ചിൻ സർവ്വീസസിന്റെ ജങ്കാറാണ് പൊന്നാനിയിൽ എത്തിയിരിക്കുന്നത്. 30 ടൺ ശേഷിയുള്ള ജങ്കാറിൽ 50 ആളുകൾക്കും 12 കാറുകൾക്കും ഒരേ സമയം യാത്ര ചെയ്യാം. കാലത്ത് ഏഴ് മുതൽ വൈകിട്ട് ഏഴു വരെ അര മണിക്കൂർ ഇടവിട്ട് സർവ്വീസ് നടത്തും.
പൊന്നാനി– പടിഞ്ഞാറെക്കര ജങ്കാർ സർവീസ് 2013 ലാണ് നിറുത്തലാക്കിയത്. അഴിമുഖത്തെ ശക്തമായ തിരമാലയിൽ അന്ന് സർവീസ് നടത്തിയിരുന്ന അനധികൃത ചങ്ങാടം ഒഴുകിപ്പോവുകയായിരുന്നു.പിന്നീടങ്ങോട്ട് പൊന്നാനിയിൽ നിന്ന് പുറത്തൂരെത്താൻ റോഡുമാർഗം ആശ്രയിക്കുകയായിരുന്നു ജനങ്ങൾ. ഏറെ നാളത്തെ ആവശ്യത്തിനൊടുവിലാണ് ജങ്കാർ സർവീസ് പുനരാരംഭിക്കാൻ പൊന്നാനി നഗരസഭ തീരുമാനിച്ചത്. തുറമുഖവകുപ്പിന്റെ സ്ഥലത്ത് ജങ്കാർജെട്ടി നിർമ്മാണം പൂർത്തിയായി. അഞ്ചു ലക്ഷം രൂപയാണ് ജെട്ടി നിർമ്മാണത്തിനായി ചെലവായത്. കാത്തിരിപ്പു കേന്ദ്രം, ടിക്കറ്റ് കൗണ്ടർ, അപ്രോച്ച് റോഡ് എന്നിവയുമുണ്ടാകും.
തുറമുഖ വകുപ്പിന്റെ ക്ലിയറൻസ് അടുത്ത ദിവസം ലഭിക്കും.
മാർച്ച് രണ്ടിന് നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ജങ്കാർ സർവ്വീസ് ഉദ്ഘാടനം ചെയ്യും.
വിവാദങ്ങൾക്ക് വിട
ജങ്കാർ സർവ്വീസ് എക്കാലത്തും പൊന്നാനിയിലെ രാഷ്ട്രീയ വിവാദങ്ങളുടെ വിഷയമായിരുന്നു.
കേരള ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷന്റെ ജങ്കാറാണ് പൊന്നാനി അഴിമുഖത്ത് ആദ്യം സർവീസ് നടത്തിയത്. നിറുത്തിയിട്ട ജങ്കാർ പുഴയിൽ മുങ്ങിയത് വലിയ വിവാദങ്ങൾക്ക് കാരണമായി.
പിന്നീട് പടിഞ്ഞാറേക്കരയിൽ നിന്നുള്ള ചങ്ങാടം സർവ്വീസ് നടത്തി. സുരക്ഷ പ്രശ്നം ഉയർത്തി ഇതും വിവാദത്തിൽപെട്ടു.
ശേഷമാണ് കൊച്ചിൻ സർവീസസ് സർവീസ്നടത്തിയത്. ചമ്രവട്ടം പാലം വന്നതോടെ ജങ്കാറിനെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. തുടർന്ന് സർവ്വീസ് അവസാനിപ്പിച്ചു.
വീണ്ടും പടിഞ്ഞാറെക്കരയിൽ നിന്നുള്ള ചങ്ങാടം സർവ്വീസ് ആരംഭിക്കുകയും 2013ൽ കടലിലേക്ക് ഒലിച്ചുപോവുകയും ചെയ്തു.
വലിയൊരു ഇടവേളയ്ക്കുശേഷം ജങ്കാർ പുനരാരംഭിക്കുന്നത് മുഴുവൻ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ്.
സി പി മുഹമ്മദ് കുഞ്ഞി,
നഗരസഭ ചെയർമാൻ