തിരൂരങ്ങാടി: ബാക്കിക്കയം കുടിവെള്ള പദ്ധതിയുടെ ഷട്ടർ തുറക്കുന്നതിനെ ചൊല്ലിയുള്ള രൂക്ഷമായ ഭിന്നത പരിഹരിക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. പദ്ധതിയുടെ ഷട്ടർ തുറക്കുന്നതിനെതിരെ വേങ്ങര എം.എൽ.എയായ കെ.എൻ.എ ഖാദർ പരസ്യമായി രംഗത്തെത്തിയിരുന്നു. കാർഷികമേഖലയായ തിരൂരങ്ങാടിയിൽ ജലസേചനത്തിനായി ബാക്കിക്കയം പദ്ധതിയുടെ ഷട്ടർ തുറന്നതാണ്എം.എൽ.എയെ പ്രകോപിപ്പിച്ചത്. വേങ്ങര മണ്ഡലത്തിലെ 8,000ത്തോളം കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കാനായി തുടങ്ങിയ പദ്ധതിയിൽ നിന്നും കാർഷികാവശ്യത്തിന് ജലമെടുക്കുന്നത് അനുവദിക്കാനാവില്ലെന്നായിരുന്നു എം.എൽ.എയുടെ വാദം. ഷട്ടർ തുറന്നാൽ പ്രക്ഷോഭം നടത്തുമെന്നും എം.എൽ.എ മുന്നറിയിപ്പ് നൽകി. പ്രശ്നത്തെ ചൊല്ലി ഭിന്നത ശക്തമായതോടെയാണ് ഇരു മണ്ഡലങ്ങളിലെയും എം.എൽ.എമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി ജില്ലാ കളക്ടറുടെ ചേംബറിൽ ഇന്നുച്ചയ്ക്ക് യോഗം നടക്കുന്നത്.
ജലക്ഷാമം കാരണം നന്നമ്പ്ര, തിരൂരങ്ങാടി ഭാഗങ്ങളിലെ ക്യഷി ഉണങ്ങുമെന്നതിനാൽ തടയണയുടെ ഷട്ടർ തുറക്കാൻ തീരുമാനിച്ചിരുന്നു. ജില്ലയിലെ പ്രധാന കൃഷിയിടങ്ങളിലൊന്നാണ് നന്നമ്പ്ര വെഞ്ചാലി വയൽ. വർഷത്തിലൊരിക്കൽ പുഞ്ചക്കൃഷി ഇറക്കുന്ന വയലാണിത്. വരൾച്ച രൂക്ഷമായതിനാൽ അടിയന്തരമായി കൃഷിക്കാവശ്യമായ വെള്ളം തുറന്നു വിട്ട് നെൽവയലുകൾ സംരക്ഷിക്കണമെന്നാണ് നന്നമ്പ്ര, തിരൂരങ്ങാടി ഭാഗങ്ങളിലെ കർഷകരുടെ ആവശ്യം. കഴിഞ്ഞ ദിവസങ്ങളിൽ ഷട്ടറുകൾ തുറന്നിരുന്നെങ്കിലും പ്രതിഷേധം ശക്തമായതിനെ തുടർന്ന് അടയ്ക്കേണ്ടി വന്നു. കടലുണ്ടിപ്പുഴയിൽ നിന്നുള്ള വെള്ളമാണ് നന്നമ്പ്ര, തിരൂരങ്ങാടി മേഖലയിലെ കർഷകരുടെ പ്രധാന ആശ്രയം. വേങ്ങരയിലെ കുടിവെള്ളപ്രശ്നം പരിഹരിക്കാൻ പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എയായിരുന്നപ്പോഴാണ് കോടിക്കണക്കിന് രൂപ ചെലവിട്ട് ബാക്കിക്കയം പദ്ധതി ആവിഷ്കരിച്ചത്. പദ്ധതി ഉദ്ഘാടനസജ്ജമായിരിക്കെയാണ് വിവാദം കടുത്തത്.