നിലമ്പൂർ: മേഖലയിൽ താപനില വർദ്ധിക്കുന്നതോടൊപ്പം അഗ്നിബാധയും ഏറിയ സാഹചര്യത്തിൽ മുൻകരുതലുകളെടുക്കണമെന്ന് അധികൃതർ. നിലമ്പൂർ ഫയർ സ്റ്റേഷൻ പരിധിയിൽ 22 അഗ്നിബാധകളാണ് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഉണ്ടായത്. പെരിന്തൽമണ്ണ, എടവണ്ണ എന്നിവിടങ്ങളിലുണ്ടായ വൻ അഗ്നിബാധകളിലും നിലമ്പൂരിലെ അഗ്നിസേനാ വിഭാഗം രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരുന്നു. വീടുകൾ കേന്ദ്രീകരിച്ച് കൂടുതൽ മുൻകരുതലുകൾ എടുക്കേണ്ടതുണ്ടെന്ന് അധികൃതർ പറഞ്ഞു. വീട്ടുപറമ്പിൽ കരിയിലകളും പുൽക്കാടുകളും കെട്ടിടത്തിൽ നിന്നും മൂന്നു മീറ്ററെങ്കിലും അകലെയാണെന്ന് ഉറപ്പാക്കണം. പറമ്പിൽ വച്ച് കരിയില കത്തിക്കരുത്. വൈദ്യുതി ഉപകരണങ്ങൾ ദീർഘനേരം ഉപയോഗിക്കുന്നതും മൾട്ടി പിന്നുകൾ ഉപയോഗിച്ച് ഒരു പ്ലഗ് പോയിന്റിൽ നിന്നും കൂടുതൽ കണക്ഷനുകൾ എടുക്കുന്നതും ഒഴിവാക്കണം. കെട്ടിടങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്തണം. കടയുടമകൾ രാത്രി കടയടച്ചു പോകുമ്പോൾ മാലിന്യങ്ങൾക്ക് തീയിട്ടു പോകുന്നത് കൂടുതൽ അപകടത്തിനിടയാക്കുന്നുണ്ട്. പോകുംമുമ്പ് ഇവ അണഞ്ഞുവെന്ന് ഉറപ്പാക്കണം. തോട്ടങ്ങളിൽ രണ്ടു മീറ്റർ വീതിയിൽ അഗ്നിരേഖ ഉറപ്പാക്കണം വലിച്ചെറിയുന്ന സിഗരറ്റു കുറ്റികൾ അപകടം വിളിച്ചു വരുത്തും. അലക്ഷ്യമായി വലിച്ചെറിയുന്ന കുപ്പിച്ചില്ലുകൾ ചൂടായി കരിയിലകൾക്ക് തീപിടിക്കാൻ ഇടയാക്കുന്നുണ്ട്. വീടുകളിൽ പ്രത്യേക ജാഗ്രത വേണം. മറ്റു കെട്ടിടങ്ങളിലെ ജീവനക്കാർക്ക് സുരക്ഷയുമായി ബന്ധപ്പെട്ട് ഏതു തരം പരിശീലനം നല്കാനും നിലമ്പൂർ അഗ്നി രക്ഷാസേന തയ്യാറാണ്. എം.അബ്ദുൾ ഗഫൂർ നിലമ്പൂർ ഫയർ ആന്റ് റസ്ക്യൂ സ്റ്റേഷൻ ഓഫീസർ ആശുപത്രികളിൽ പരിശോധന നിലമ്പൂർ: മേഖലയിലെ ആശുപത്രി കെട്ടിടങ്ങളിലെ അഗ്നി സുരക്ഷയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ സംബന്ധിച്ച് അഗ്നിശമനസേന അധികൃതർ നടത്തിയ പരിശോധനയിൽ വ്യാപകമായ വീഴ്ചകൾ കണ്ടെത്തി. കഴിഞ്ഞ ഒരു വർഷത്തിനിടെ പരിശോധനകൾ നടത്തി നോട്ടീസ് നൽകിയ സ്ഥാപനങ്ങളിലടക്കം സുരക്ഷാ സംവിധാനങ്ങൾ പൂർണ്ണമായിട്ടില്ലെന്നാണ് പ്രാഥമിക കണ്ടെത്തൽ. കെട്ടിടങ്ങളിലെ അനധികൃത നിർമ്മാണങ്ങളും സുരക്ഷാ പ്രവർത്തനങ്ങൾക്ക് തടസമാകും വിധമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ജില്ലാ ഫയർ ആന്റ് റസ്ക്യൂ ഓഫീസർക്ക് ഉടൻ റിപ്പോർട്ട് നല്കും. തുടർന്ന് ജില്ലാ ദുരന്തനിവാരണ സേന ചെയർമാൻ കൂടിയായ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ അനുമതി റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളുണ്ടാവും.സംസ്ഥാന ഫയർ ആന്റ് റസ്ക്യു കമ്മിഷണറുടെ നിർദ്ദേശ പ്രകാരമാണ് പരിശോധന. നിലമ്പൂർ ഫയർ ഓഫീസർ എം.അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിൽ നിലമ്പൂർ, വണ്ടൂർ, മഞ്ചേരി എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് പരിശോധന നടന്നത്.