തിരൂരങ്ങാടി : ജലക്ഷാമം രൂക്ഷമായതിനെ തുടർന്ന് തിരൂരങ്ങാടി, ചെമ്മാട് , ചെറുമുക്ക് , കൊടിഞ്ഞി, കുണ്ടൂർ ഭാഗങ്ങളിലെ കർഷകർ പ്രതിസന്ധിയിൽ. കതിരിട്ട ഏക്കറുകണക്കിന് നെൽകൃഷി കരിയാറായ നിലയിലാണ്. വെള്ളമില്ലാത്തതിനാൽ പല കൃഷിയിടങ്ങളും വീണ്ടുകീറിയിട്ടുണ്ട്.
സ്വന്തം വാഹനത്തിലും വാടകവാഹനത്തിലുമായി പാടത്ത് വെള്ളമെത്തിച്ച് പച്ചപ്പ് നിലനിറുത്തുകയാണ് പല കർഷകരും. ചെറുമുക്ക് വെസ്റ്റിലെ കർഷകനായ തലാപ്പിൽ അബ്ദുസലാം രണ്ട് ദിവസമായി വീട്ടിലെ കിണറിൽ നിന്നും പെരുംതോട്ടിൽ നിന്നും വെള്ളമടിച്ചു വാഹനത്തിൽ കൊണ്ടുവന്നാണ് കൃഷിയിടം നനയ്ക്കുന്നത്. സലാമിന്റെ നേതൃത്വത്തിൽ 90 ഏക്കറിലാണ് കൃഷിയിറക്കിയിട്ടുള്ളത്. കഴിഞ്ഞ വർഷം 65 ഏക്കറിലായിരുന്നു കൃഷി. സാധാരണ വെഞ്ചാലിയിലെ പെരുംതോട്ടിൽ നിന്നാണ് വേനൽ രൂക്ഷമാവുമ്പോൾ വെള്ളം ശേഖരിക്കാറുള്ളത്. ഇത്തവണ തോട്ടിലും കനാലിലും വെള്ളം തീരെയില്ല.
വർഷത്തിൽ ഒരിക്കൽ പുഞ്ചക്കൃഷി ഇറക്കുന്ന വയലായതിനാൽ തോടുകളും മറ്റും കിളച്ച് നവീകരിച്ചാലേ ഇതിനൊരു പരിഹാരം കാണാനാവൂ. .
കർഷകരുടെ യോഗം ഇന്ന്
തിരൂരങ്ങാടി : നന്നമ്പ്രയിലെ ജലസ്രോതസ്സുകൾ വറ്റി വരളുകയും കൃഷി കരിഞ്ഞുണങ്ങുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ നടപടികൾ സംബന്ധിച്ച് പി.കെ. അബ്ദുറബ്ബ് എം.എൽ.എയുടെ നേതൃത്വത്തിൽ കർഷകരുടെ യോഗം ഇന്നുരാവിലെ ഒമ്പതിന് കൊടിഞ്ഞി ചെറുപ്പാറയിൽ ചേരും.
ബാക്കിക്കയം: യോഗം ഇന്ന്
വേങ്ങര ബാക്കിക്കയം തടയണയുടെ ഷട്ടർ തുറക്കുന്നത് സംബന്ധിച്ച് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ എം.എൽ.എമാരുടെയും തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഇന്ന് രാവിലെ 11 ന് കളക്ടറേറ്റിൽ ചേരും.ഇന്നലെ നടക്കാനിരുന്ന യോഗം അവസാനനിമിഷം അസൗകര്യങ്ങളെ തുടർന്ന് ഇന്നേയ്ക്ക് മാറ്റുകയായിരുന്നു.
വെള്ളം കുറഞ്ഞാൽ കൃഷിയിലെ വിളവിലും കുറവുണ്ടാകും. എങ്ങനെയെങ്കിലുംവെള്ളമെത്തിച്ച് വിളവ് സംരക്ഷിക്കാനാണ് ശ്രമം
തലാപ്പിൽ അബ്ദുസലാം
കർഷകൻ