മലപ്പുറം: രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ മലപ്പുറം ഗവ. കോളേജിലെ വിദ്യാർത്ഥികളുമായി പൊലീസ് ഇന്നലെ കാമ്പസിലെത്തി തെളിവെടുപ്പ് നടത്തി. കാശ്മീരിനെയും മണിപ്പൂരിനെയും സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് കാമ്പസിൽ പോസ്റ്റർ പതിച്ച രണ്ടാംവർഷ ബി.കോം വിദ്യാർത്ഥി മുഹമ്മദ് റിൻഷാദ് (20), ഒന്നാംവർഷ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാർത്ഥി മുഹമ്മദ് ഫാരിസ്(18) എന്നിവരെ തെളിവെടുപ്പിന് ശേഷം മലപ്പുറം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്തു. റിൻഷാദിന്റെ ലാപ്ടോപും ഇരുവരുടെയും മൊബൈൽ ഫോണും ഫോറൻസിക് പരിശോധനയ്ക്കയച്ചു. ഇവരുമായി അടുപ്പമുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്തു. ഫോറൻസിക് പരിശോധനാ റിപ്പോർട്ടോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്ന് മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ പറഞ്ഞു. കാമ്പസിൽ തീവ്ര ഇടതുപക്ഷ നിലപാടുകൾ പ്രചരിപ്പിക്കാനായി രൂപവത്കരിച്ച റാഡിക്കൽ സ്റ്റുഡന്റ്സ് ഫോറത്തിന്റെ സ്ഥാപകനാണ് റിൻഷാദ്. ഈ ആശയങ്ങളിൽ ആകൃഷ്ടനായി പേപ്പർ വാങ്ങി പോസ്റ്ററൊട്ടിക്കാൻ സഹായിച്ചത് ഫാരിസാണ്.