കോട്ടയ്ക്കൽ: നാളുകൾക്ക് ശേഷം നിർമ്മലിന് വീണ്ടും കൂട്ടുകാരൊത്തുള്ള സന്തോഷത്തിന്റെ ദിനമായിരുന്നു. സ്‌കൂൾ രജിസ്റ്ററിൽ പേരുണ്ടങ്കിലും സ്‌കൂളിൽ പോകാനോ കൂട്ടുകാർക്കൊപ്പം കളിക്കാനോ സാധിക്കില്ല. ജന്മനാ സെറിബ്രൽ പാൾസി രോഗാവസ്ഥയിൽ കഴിയുന്ന നിർമ്മലിന് ശരീരം ചലിപ്പിക്കുവാവാനോ സംസാരിക്കുവാനോ സാധിക്കില്ല. സമ്മാനങ്ങളും മധുരപലഹാരങ്ങളുമായി കോട്ടൂർ എ.കെ.എം എച്ച് എസ് എസിലെ ചങ്ങാതികൂട്ടം കാണാനെത്തിയപ്പോൾ നിർമ്മൽ ഏറെ സന്തോഷത്തിലായിരുന്നു . ക്ലാസിൽ എത്തുവാൻ കഴിയാത്ത ഭിന്നശേഷിക്കാരായ കുട്ടികളെ അവരുടെ വീടുകളിൽ സന്ദർശിക്കാൻ അവസരം ഒരുക്കുക, കൂട്ടുകാരുമായി കൂട്ടുകൂടാനും കളിക്കാനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ബി.ആർ.സി നടപ്പിലാക്കുന്ന ചങ്ങാതികൂട്ടം പരിപാടി കോട്ടയ്ക്കൽ മുൻസിപ്പൽ കൗൺസിലർ ലൈലാ റഷീദ് ഉദ്ഘാടനം ചെയ്തു. റിസോഴ്‌സ് അദ്ധ്യാപികയായ എം.വി സനിത, സ്‌കൂൾ പ്രധാനാദ്ധ്യാപകൻ ബഷീർ കുരുണിയൻ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രിസ് കെ മറിയ, സ്‌കൂൾ മാനേജർ എന്നിവർ നിർമ്മലിനെ കാണാനെത്തി.