നിലമ്പൂർ: നിലമ്പൂരിൽ ടൗണിനു സമീപം കോവിലകത്തുമുറിയിൽ ജനവാസകേന്ദ്രത്തിൽ കാട്ടാനയിറങ്ങി. ചൊവ്വാഴ്ച പുലർച്ചയോടെയാണ് കാട്ടാന പ്രദേശത്തെത്തി വീട്ടുപറമ്പിലെ കൃഷികൾ നശിപ്പിച്ചത്. ഹൗസിംഗ് കോളനിപോലെ നിരവധി വീടുകളുള്ള പ്രദേശത്ത് കാട്ടാനയെത്തിയത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. വീടിനോടു ചേർന്നുള്ള വാഴകളും മറ്റും നശിപ്പിച്ചാണ് ആന മടങ്ങിയത്. യുണൈറ്റഡ് ക്ലബിന് സമീപമുള്ള ഇടവഴിയിലൂടെ ആന നടന്നുപോയതിന്റെ അടയാളങ്ങളുണ്ട്. വഴിയിലെ പ്ലാവിൽ നിന്നും ചക്ക തിന്നതായും കാണുന്നുണ്ട്. വീടുകൾക്കിടയിലെ മതിൽ ചാടിക്കടന്നാണ് മറ്റു വീടുകളിലേക്കെത്തിയിരിക്കുന്നത്. പുലർച്ചെ ചില വീട്ടുകാർ ആനയെ കണ്ടതോടെയാണ് പ്രദേശവാസികൾ വിവരമറിയുന്നത്. അപ്പോഴേക്കും നിരവധി വീടുകളിൽ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. പ്രാണശ്ശേരി സുകുമാരന്റെ വീട്ടുമുറ്റത്ത് കുലച്ച വാഴകൾ ആന നശിപ്പിച്ചു. സി.കെ ഗിരീഷ് കുമാറിന്റെ വീട്ടിലെ പ്ലാവിൽ നിന്നും ചക്ക തിന്നതായി കാണുന്നുണ്ട്. ഒടുങ്ങാത്തൊടി രാമകൃഷ്ണന്റെ വീട്ടിലെ വാഴയും നശിച്ചു. കീഴില്ലത്ത് ബാലകൃഷ്ണന്റെ മതിലും ആന തകർത്തിട്ടുണ്ട്. യൂണിയൻ മുഹമ്മദാലിയുടെ വീട്ടിലെ തെങ്ങും നശിപ്പിച്ചിട്ടുണ്ട്. നേരത്തെ പുഴയോടുചേർന്ന് ഭാഗത്ത് ആനകളെത്തി കൃഷി നശിപ്പിക്കാറുണ്ടെങ്കിലും ഇത്രയും ജനവാസമുള്ളിടത്ത് എത്തുന്നത് ആദ്യമായാണ്. വിവരമറിഞ്ഞതിനെ തുടർന്ന് രാവിലെ ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തിയിരുന്നു. നഗരസഭ ചെയർപേഴ്‌സൺ പത്മിനിഗോപിനാഥും സ്ഥലത്തെത്തി. ജനങ്ങളുടെ ആശങ്ക അകറ്റുന്ന നടപടികൾ വേണമെന്ന് വനം വകുപ്പ് അധികൃതരോട് ചെയർപേഴ്‌സൺ ആവശ്യപ്പെട്ടു.