kanam-rajendran

മലപ്പുറം: വോട്ടിനായി സമുദായ സംഘടനകളുടെ പിന്നാലെ പോവില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മലപ്പുറത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായ സംഘടനകളുടെ പിന്തുണയിലല്ല, എൽ.ഡി.എഫിന്റെ രാഷ്ട്രീയം കൊണ്ടാണ് നിയമസഭയിൽ വിജയിച്ചത്. എൻ.എസ്.എസ് പലസമയത്തും സ്വീകരിച്ച സമദൂര നിലപാട് ശരിയല്ലെന്ന് പിന്നീട് തെളിഞ്ഞതാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ളാപ്പള്ളിയുടെ വീട്ടിൽ പോയതിൽ തെറ്റില്ല. അതിൽ രാഷ്ട്രീയ താത്പര്യമില്ല. മറ്റൊരു ചടങ്ങിന് പോയപ്പോൾ വെള്ളാപ്പള്ളിയേയും കുടുംബത്തേയും കാണുക മാത്രമാണ് ചെയ്തത്. എൻ.എസ്.എസിന്റെ നിലപാട് മാടമ്പിത്തരമാണെന്ന കോടിയേരിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോൾ തനിക്ക് അങ്ങനെയൊരു അഭിപ്രായമില്ലെന്നും കാനം പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങളൊന്നും തിരഞ്ഞെടുപ്പിൽ ചർച്ചയാകില്ല. അതെല്ലാം ജനങ്ങൾ മറക്കും. അത് നിലനിർത്താൻ വേണ്ടി ചിലർ ശ്രമങ്ങൾ നടത്തുന്നുണ്ട്. ടി.പി വധക്കേസ് പ്രതികൾക്ക് വഴിവിട്ട സഹായം കിട്ടുന്നെന്ന ആക്ഷേപത്തോട് ജയിലിൽ കിടക്കുന്നവർക്കും മനുഷ്യാവകാശമുണ്ടെന്നും ഇക്കാര്യം സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. പൊന്നാനി, വയനാട് സീറ്റുകൾ വെച്ചുമാറുന്നത് പാർട്ടി ആലോചിച്ചിട്ടില്ല. സി.പി.ഐ സ്ഥാനാർഥികളെ തീരുമാനിച്ചിട്ടില്ലെന്നും കാനം പറഞ്ഞു,