മലപ്പുറം: വരൾച്ച കാരണം കൃഷി ഉണങ്ങാനിടയായ സാഹചര്യത്തിൽ ബാക്കിക്കയം തടയണയുടെ ഷട്ടർ തുറക്കാൻ തീരുമാനം. ജില്ലാകലക്ടർ അമിത് മീണയുടെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനമെടുത്തത്. സാങ്കേതിക പഠനങ്ങളുടെ അടിസ്ഥാനത്തിൽ കൃഷിക്കുംകുടിവെള്ള പദ്ധതിക്കും ഒരു പോലെ പ്രയോജനപ്പെടുന്ന രൂപത്തിൽ ഷട്ടർതുറക്കാനാണ് തീരുമാനം. നിലവിൽ 2.90 മീറ്ററാണ് ജലനിരപ്പ്, ഇത് 2.40 ആക്കാനാണ് തീരുമാനിച്ചത്. കൃഷി ഉണങ്ങി നശിക്കാൻ സാധ്യതയുള്ളതിനാൽ അടിയന്തിരമായി ഒരുദിവസത്തേക്കാണ് ആദ്യംഷട്ടർ തുറക്കുക. ഇത് മൂലം കുടിവെള്ള പദ്ധതികൾക്ക് തടസ്സമുണ്ടാവുകയാണെങ്കിൽ ഷട്ടർ അടച്ചിടാനും യോഗത്തിൽ തീരുമാനമായി.
ബാക്കിക്കയം പദ്ധതിയെ ആശ്രയിച്ചുള്ള ജലനിധി പദ്ധതികൾക്ക് ആവശ്യത്തിന് വെള്ളം ലഭിക്കില്ലെന്ന നിഗമനത്തെ തുടർന്നാണ് ഷട്ടർ അടച്ചിട്ടിരുന്നത്. ഷട്ടർ അടച്ചതുമൂലം താഴ് ഭാഗങ്ങളിലേക്കുള്ള ഒഴുക്കു നിലച്ചതോടെ തോടുകളിലും പുഴയിലും വെള്ളമില്ലാതായി. ഇതോടെ തിരൂരങ്ങാടി നഗരസഭയിലെയും നന്നമ്പ്ര പഞ്ചായത്തിലെയും നെൽക്കൃഷിക്ക് ആവശ്യത്തിന് വെള്ളം ലഭിച്ചിരുന്നില്ല. തുടർന്ന് ജനപ്രതിനിധികളും കർഷകരും ജില്ലാകലക്ടറെ കാണുകയുംതുറന്ന് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഷട്ടർ തുറന്നാൽ കുടിവെള്ളം പദ്ധതിക്ക് ആവശ്യമായ ജലം ലഭിക്കില്ലെന്ന പരാതിയുമായി ഒരുവിഭാഗമെത്തി . ഇതിനെ തുടർന്നാണ് ജില്ലാകലക്ടർ യോഗം വിളിച്ചത്.
കുടിവെള്ള പദ്ധതികൾക്ക് ജലം നൽകുന്നതിന് മെയ് 31 വരെ 17,98,600 മീറ്റർക്യൂബ് വെള്ളമാണ് ആവശ്യമുള്ളതെന്ന് ജലസേചന വകുപ്പ് അധികൃതർ യോഗത്തിൽ പറഞ്ഞു. നിലവിൽ 20 ലക്ഷം ക്യൂബിക് മീറ്റർ വെള്ളത്തിന്റെ ശേഖരമുണ്ട്. കൃഷിക്ക് ആവശ്യമായി വരുന്നത് 1,10,000 ക്യുബിക് മീറ്ററാണ്. ഈ വെള്ളം നൽകിയാലും കുടിവെള്ള പദ്ധതിക്കാവശ്യമായവ ലഭിക്കുമെന്നും യോഗത്തിൽ അറിയിച്ചു.
എംഎൽഎമാരായ പി.കെ.അബ്ദുറബ്ബ്, കെ.എൻ.എ ഖാദർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണൻ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽകലാം, പഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ.കുഞ്ഞാലൻകുട്ടി, പറങ്ങോടത്ത് മുഹമ്മദ് കുട്ടി, എംപി കുഞ്ഞി മൊയ്തീൻ, കുപ്പേരി സുബൈദ, എഡിഎം പി സയ്യിദ്അലി, ഡെപ്യൂട്ടി കളക്ടർ ഡോ. ജെ.ഒ അരുൺ, ജല അഥോറിറ്റി അസി. എക്സി. എഞ്ചിനിയർ അബ്ദുനാസർ പിടി, ജലനിധി പ്രൊജക്ട്ഡയറക്ടർ ടിപി ഹൈദർഅലി, കൃഷി വിജ്ഞാൻ കേന്ദ്ര ഡോ. എസ്‌സജീന, ചെറുകിട ജലസേചന വകുപ്പ് എക്സിഎഞ്ചിനിയർ പിഅജിത്കുമാർ, അസിഎക്സി എഞ്ചിനിയർകെവിഉണ്ണി കൃഷ്ണൻ, ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.