മലപ്പുറം: ജില്ലയിലെ ബാങ്കുകളിൽ നിക്ഷേപത്തിൽ വർദ്ധനവുള്ളതായി ബാങ്കിങ് അവലോകന സമിതി വിലയിരുത്തി. 33,806 കോടി രൂപയുടെ നിക്ഷേപമാണ് ബാങ്കുകളിലുള്ളത്. സെപ്തംബറിൽ ഇത് 33063 കോടി രൂപയായിരുന്നു. അതേ സമയം പ്രവാസി നിക്ഷേപത്തിൽ നേരിയ കുറവ് വന്നിട്ടുണ്ട്. 10,620 കോടി രൂപയാണ് പ്രവാസി നിക്ഷേപമുള്ളത്. സെപ്തംബറിൽ ഇത് 10,700 കോടി ആയിരുന്നു. മുൻഗണനാ മേഖലയിൽ മാർച്ച് 2018 മുതൽ 14,191 കോടി രൂപയാണ് വായ്പയായി നൽകിയത്. മൊത്തം വായ്പയുടെ 63 ശതമാനമാണിത്. കാർഷിക മേഖലയിൽ 6,720 കോടിയും ചെറുകിട വ്യവസായങ്ങൾക്കായി 2,606 കോടിയും മറ്റു മുൻഗണനാ മേഖലയിൽ 4,864 കോടിയും വായ്പയായി നൽകിയിട്ടുണ്ട്. പട്ടിക വർഗക്കാർക്കായി 1,503 കോടിയും ഇക്കാലയളവിൽ നൽകിയതായി സമിതി വിലയിരുത്തി. കൃഷിയുൾ പ്പെടെയുള്ള പ്രാഥമിക മേഖലയിൽ 5941 കോടി രൂപ വായ്പ നൽകാനാണ് അടുത്ത വർഷം ലക്ഷ്യമിടുന്നത്. ചെറുകിട വ്യവസായ മേഖലയിൽ 2,017 കോടിയും മറ്റു മുൻഗണനാ മേഖലയിൽ 1,642 കോടിയും നൽകാനാണ് ലക്ഷ്യമിടുന്നത്. മഹേന്ദ്രപുരി ഹോട്ടലിൽ ചേർന്ന അവലോകന യോഗം ജില്ലാ കളക്ടർ അമിത് മീണ ഉദ്ഘാടനം ചെയ്തു.
റിസർവ് ബാങ്ക് തിരുവനന്തപുരം ജനറൽ മാനേജർ വിആർ പ്രവീൺ കുമാർ, ലീഡ് ഡിസ്ട്രിക്ട് ഓഫീസർ പിജി ഹരിദാസ്, ജില്ലാ ബാങ്ക് മാനേജർ ടിപി കുഞ്ഞിരാമൻ, നബാർഡ് ഡിഡിഎം ജെയിംസ് പി ജോർജ്, കനറാ ബാങ്ക് റീജനൽ ഓഫീസർ എം ജലീൽ എന്നിവർ സംസാരിച്ചു.