പെരിന്തൽമണ്ണ: നിർധനയായ പൂർവ്വ വിദ്യാർത്ഥിനിയുടെ വിവാഹച്ചെലവിലേക്ക് ജൈവ ചായപ്പൊടി വിറ്റും സംഭാവന സ്വീകരിച്ചും പരിയാപുരം സെന്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും സമാഹരിച്ചത് 1.05 ലക്ഷം രൂപ. വയനാട്ടിൽ നിന്നുമെത്തിച്ച ജൈവ ചായപ്പൊടി വിറ്റാണ് 'ചേച്ചി'യുടെ കല്യാണച്ചെലവിലേക്ക് വിദ്യാർത്ഥികൾ 54,000 രൂപ സ്വരൂപിച്ചത്. അദ്ധ്യാപകരും അനദ്ധ്യാപകരും സുമനസ്സുകളും സംഭാവനയായി നൽകിയത് 51,000 രൂപയും. നന്മയ്ക്കൊപ്പം രക്ഷിതാക്കളും നാട്ടുകാരും കുട്ടികൾക്കൊപ്പം അണിചേർന്നപ്പോൾ മുഴുവൻ ചായപ്പൊടിയും വിറ്റുപോയി. വിദ്യാർത്ഥികളുടെ ഉത്സാഹത്തിനു പിന്തുണയേകി അദ്ധ്യാപകരും രംഗത്തിറങ്ങിയപ്പോൾ വിവാഹം മംഗളമായി. സ്വർണം വാങ്ങാനും വിവാഹച്ചെലവിലേക്കും തുക ഉപയോഗിച്ചു. സ്കൂളിലെ എൻ.എസ്.എസ്, സ്കൗട്ട് ആന്റ് ഗൈഡ്സ്, വിവിധ ക്ലബ്ബുകൾ നേതൃത്വമേകി.