മലപ്പുറം: മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയിലെ തൈറോയിഡ് മെഷിനും പുതിയ ഒ പി കൗണ്ടറും പ്രവർത്തനം ആരംഭിച്ചു. ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനീക രീതിയിലുള്ള തൈറോയിഡ് മെഷിൻ ആശുപത്രിയിൽ സ്ഥാപിച്ചത്. തൈറോയിഡ് രോഗം കണ്ടെത്താനുള്ള നൂതന സംവിധാനമാണ് ജില്ലാ ഹോമിയോ ആശുപത്രിക്ക് കൈവന്നിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ വലിയ ചിലവ് വരുന്ന തൈറോയിഡ് പരിശോധന കുറഞ്ഞ ചെലവിൽ ഇവിടെ നിന്നും ലഭ്യമാവും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടൻ അധ്യക്ഷയായിരുന്നു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി സുധാകരൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഉമ്മർ അറയ്ക്കൽ, ആയുർവേദ ഡി എം ഒ ഷീബ ബീഗം, ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. ഗോപിനാഥ്, മെഡിക്കൽ ഓഫിസർ ഡോ. ബേബി സന്തോഷ് എന്നിവരും സംസാരിച്ചു.