എടക്കര: വീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ ലൈഫ് ഗുണഭോക്താക്കൾക്ക് കൈതാങ്ങുമായി ചുങ്കത്തറയിൽ കുടുംബശ്രീ രംഗത്ത്. ചുങ്കത്തറ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന സിമന്റ് കട്ട നിർമാണമാണ് കുടുംബശ്രീ വനിതകൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും കൈയ്യൊപ്പ് പതിച്ച് പെൺകരുത്ത് കാണിച്ച കുടുംബശ്രീയുടെ നേതൃത്വത്തിലാണ് കൈപ്പിനി അമ്പലപ്പൊയിലിൽ സിമന്റ് കട്ട നിർമാണ യൂണിറ്റ് ആരംഭിച്ചത്. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി സുഗുതൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് കെ.സ്വപ്ന അദ്ധ്യക്ഷയായി. പഞ്ചായത്തിലെ വീടില്ലാത്ത നിർധനരായ കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ സൗജന്യമായി സിമന്റ് കട്ട നൽകുന്നതാണീ പദ്ധതി. വീട് നിർമ്മാണ സാമഗ്രികൾക്ക് അനുദിനം വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഗൃഹനിർമാണത്തിനാവശ്യമായ സിമന്റ് കട്ട തൊഴിലുറപ്പ് പദ്ധതിയിലെ ആസ്തി വർദ്ധനവിലുൾപ്പെടുത്തി സൗജന്യമായി ലഭിക്കുന്നത് ലൈഫ് പദ്ധതി ഗുണഭോക്താക്കൾക്ക് അനുഗ്രഹമാകും. പഞ്ചായത്തിലെ ലൈഫ് മിഷൻ, പി.എം.എ.വൈ എന്നിവയിലുൾപ്പെട്ട ഭവനരഹിതർക്കാണ് ആദ്യഘട്ടത്തിൽ സൗജന്യമായി സിമന്റ് കട്ട നൽകുക. പിന്നീട് കക്കൂസ്, കോഴിക്കൂട്, തൊഴുത്ത്, കിണറിന്റെ ചുറ്റുമതിൽ, കമ്പോസ്റ്റ് പിറ്റ് എന്നിവ നിർമിക്കുന്നതിനും കട്ട നൽകും. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപയാണ് പ്രവർത്തന മൂലധനമായി നൽകിയത്. രണ്ട് വർഷം നീണ്ട പ്രവർത്തനങ്ങൾക്കൊടുവിൽ പദ്ധതി യാഥാർത്ഥ്മായതിന്റെ നിറവിലാണ് ഒരു പറ്റം വീട്ടമ്മമാർ. സി.പി.എം ചുങ്കത്തറ ലോക്കൽ കമ്മറ്റി അംഗമായ എം.യു ഷാജി ചാലിയാർ പുഴയുടെ തീരത്ത് പദ്ധതിക്കായി സൗജന്യമായി സ്ഥലം വിട്ടു നൽകി.
വാർഡംഗം യാമിനി ഉണ്ണികൃഷ്ണൻ, എ.ഡി.എസ് ഇന്ദിര എന്നിവരുടെ നേതത്വത്തിലാണ് ഷെഡും മറ്റടിസ്ഥാന സൗകര്യങ്ങളുമൊരുക്കിയത്. ചുങ്കത്തറ പഞ്ചായത്ത് ഭരണസമിതിയും എൻ.ആർ.ഇ.ജി.എസിലെ എഞ്ചിനീയർ ശരത്തും ഗതിവേഗം പകർന്നു നൽകിയതോടെ പദ്ധതി യാഥാർത്ഥ്യമായി 5 ലക്ഷം മെറ്റീരിയൽ കോസ്റ്റിൽ 6,300 സിമന്റ് കട്ട തീർക്കാം. ഇതിനായി 484 തൊഴിൽ ദിനങ്ങളാന്ന് വേണ്ടി വരിക. ഉല്പാദിപ്പിച്ച സിമന്റ് കട്ട തീരുന്ന മുറക്ക് തൊഴിലുറപ്പ് പദ്ധതിയിൽ ഫണ്ട് തുടർച്ചയായി ലഭിക്കും വിധമാണ് പദ്ധതിയുടെ സംവിധാനം.