മലപ്പുറം: പ്രളയദുരന്തമുൾപ്പെടെ ഏതുപ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാൻ ജനങ്ങളുടെ ഒത്തൊരുമയുടെ സംസ്കാരം ഉണരണമെന്നും സാഹിത്യവും സിനിമയുമുൾപ്പെടെ എല്ലാ മേഖലകളിലുമുള്ളവർ ഊർജ്ജസ്വലരായി പ്രവർത്തിക്കേണ്ട കാലമാണിതെന്നും ഫിലിം സൊസൈറ്റി ഫെഡറേഷൻ ഉപാദ്ധ്യക്ഷൻ ചെലവൂർ വേണു അഭിപ്രായപ്പെട്ടു. പി.ആർ.ഡിയുടെ സഹകരണത്തോടെ രശ്മി ഫിലിം സൊസൈറ്റി സംഘടിപ്പിച്ച 'അതിജീവനം' ചലച്ചിത്രോത്സവം സമാപന സമ്മേളനവും തുറന്നവേദിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലപ്പുറം ടൗൺ ഹാളിൽ 'സിനിമ നവോത്ഥാനം, അതിജീവനം' എന്ന വിഷയത്തിലുള്ള ഓപ്പൺ ഫോറത്തിൽ ഉണ്ണികൃഷ്ണൻ ആവള, പ്രതാപ് ജോസഫ്, ഫസൽ റഹ്മാൻ എന്നിവർ സംസാരിച്ചു. ഡോ.എസ്ഗോപു മോഡറേറ്ററായി. സെക്രട്ടറി അനിൽ കെ.കുറുപ്പൻ സ്വാഗതവും ജോ.സെക്രട്ടറി ഹനീഫ് രാജാജി നന്ദിയും പറഞ്ഞു.
ടി.വി.ചന്ദ്രൻ സംവിധാനം ചെയ്ത 'രാമു കാര്യാട്ട്: സ്വപ്നവും സിനിമയും', ആൻ മേരി ജാസിറിന്റെ അറബിക് ചിത്രമായ 'വാജിബ്', ജയരാജിന്റെ 'കടമ്മൻ: പ്രകൃതിയുടെ പടയണിക്കാരൻ', അസ്ഗർ ഫർഹാദിയുടെ സ്പാനിഷ് ചിത്രമായ 'എവരിബഡി നോസ്' എന്നിവയും പി.ബാലചന്ദ്രന്റെ 'കഥാകഥനത്തിന്റെ രാജശില്പി' എന്ന വി.സാംബശിവനെ കുറിച്ചുള്ള ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.