മലപ്പുറം: സാക്ഷരതാ പ്രേരക്മാർക്ക് പ്രഖ്യാപിച്ച വേതനം വെട്ടിക്കുറച്ച സർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സാക്ഷരതാ പ്രേരക് കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ട്രേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. ധർണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 2017 ജനുവരിയിൽ സർക്കാർ ഉത്തരവ് പ്രകാരം പ്രേരക്മാർക്ക് 15,000, 12,000, 10500 എന്നീ ക്രമത്തിൽ വേതനം വർദ്ധിപ്പിച്ചെങ്കിലും ഈ സംഖ്യ ഇപ്പോഴും ഇവർക്ക് ലഭിക്കുന്നില്ല. മലപ്പുറം ജില്ലയിലാണ് പത്താം തരം, ഹയർ സെക്കന്ററി തുല്യാതാ കോഴ്സുകൾക്ക് ഏറ്റവും കൂടുതൽ രജിസ്ട്രേഷൻ നടക്കുന്നത്. ഇവർക്ക് ജീവിക്കാൻ ആവശ്യമായ വേതനം നല്കുന്ന നടപടി സർക്കാർ സ്വീകരിക്കണമെന്നും ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു.
ധർണയിൽ കോ ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് സന്തോഷ് അധ്യക്ഷനായി. സലീം കുരുവമ്പലം, വി സുധാകരൻ, കെ എം റഷീദ്, സുബ്രമണ്യൻ എന്നിവരും സംസാരിച്ചു.