bud
.

മലപ്പുറം: ആരോഗ്യ,​ വിദ്യാഭ്യാസ മേഖലകൾക്കും പ്രവാസിക്ഷേമത്തിനും മുൻതൂക്കമേകി ജില്ലാ പഞ്ചായത്ത് ബഡ്‌ജറ്റ്. 157.31 കോടി രൂപ വരവും 154.98 കോടി രൂപ ചെലവും 2.32 കോടി രൂപ മിച്ചവും വരുന്ന ബഡ‌്ജറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുൽപ്പാടൻ അവതരിപ്പിച്ചു. ഗൾഫിലെ സ്വദേശിവത്കരണം ജില്ലയിൽ വലിയ സാമ്പത്തിക പ്രതിസന്ധിയും ഗുരുതര പ്രത്യാഘാതങ്ങളും സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടുന്ന ബഡ്ജറ്റ് ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കാൻ വഴിയൊരുക്കുന്ന സംരംഭങ്ങൾ തുടങ്ങാനുള്ള പദ്ധതികൾ വിഭാവനം ചെയ്യുന്നു. കാർഷിക,​ ചെറുകിട,​ വ്യവസായ മേഖലകളിലേക്ക് തിരിച്ചുവരുന്ന പ്രവാസികളെ ആകർഷിക്കാൻ കഴിയുംവിധം പദ്ധതികളാവിഷ്ക്കരിക്കും. തിരിച്ചുവന്ന പ്രവാസികളിൽ സംരംഭങ്ങൾ തുടങ്ങാൻ കഴിയുന്നവരെ സംഘടിപ്പിച്ച് മാർഗനിർദ്ദേശ ക്യാമ്പുകൾ സംഘടിപ്പിക്കും. ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തിക്കൊടുക്കും. പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ ജില്ലാ പഞ്ചായത്തിന്റെ എം.ഐ.ഇ.ഡി സ്ഥാപനത്തിന്റെ സഹായം ലഭ്യമാക്കും. സംരംഭകർക്ക് ഓൺലൈൻ മാർക്കറ്റിംഗിൽ പ്രത്യേക പരിശീലനം നൽകും.

കോളേജ് വിദ്യാർത്ഥികൾക്കായി സംരംഭകത്വ വികസന പരിശീലനം നൽകും. കീഴുപറമ്പിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കോക്കനട്ട് പ്രോസസ്സിംഗ് യൂണിറ്റ് പൊതു- സ്വകാര്യ സംരംഭമായി വേഗത്തിൽ പ്രവൃത്തി പൂർത്തീകരിക്കും. നാളികേരത്തിൽ നിന്ന് വെളിച്ചെണ്ണ അടക്കമുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളുണ്ടാക്കി വിപണിയിലിറക്കാനാണ് പദ്ധതി. ഇങ്ങനെ വിവിധ വ്യവസായ - തൊഴിൽ വൈദഗ്ദ്ധ്യ പോഷണ സംരംഭങ്ങൾക്കായി 36 പദ്ധതികളാണ് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 4.50 കോടി രൂപ ഇതിനായി വകയിരുത്തി. വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി 200 ഓളം പദ്ധതികൾക്കായി 16 കോടി രൂപയും വകയിരുത്തി. ക്ളാസ് മുറികളുടെ നിർമ്മാണം,​ പെൺകുട്ടികൾക്ക് പ്രത്യേക സൗകര്യങ്ങൾ,​ ഐ.ടി,​ സയൻസ് ലാബുകളുടെ ശാക്തീകരണം,​ ഗ്രൗണ്ടുകളുടെ നവീകരണം,​ ലൈബ്രറികളുടെ വിപുലീകരണം,​ സിവിൽ സർവീസ് ഓറിയന്റേഷൻ പ്രോഗ്രാം,​ കലാകായിക രംഗങ്ങളിൽ പ്രത്യേക കോച്ചിംഗ്,​ എസ്.പി.സി യൂണിറ്റുള്ള 55 സ്കൂളുകൾക്ക് ബാന്റ് സെറ്റ് നൽകൽ,​ തുല്യതാ പഠിതാക്കൾക്ക് വേണ്ടി പ്രത്യേക പദ്ധതി എന്നിങ്ങനെയാണിത്. ലൈഫ് പദ്ധതിക്കായി 19.33 കോടി രൂപ വകയിരുത്തി. ജനറൽ വിഭാഗത്തിന് 19.33 കോടിയും പട്ടികവിഭാഗത്തിന് 4.43 കോടിയും പട്ടികവർഗത്തിന് 33 ലക്ഷവുമാണ്.

ജില്ലാ ആശുപത്രികളിൽ മാമോഗ്രാം

ജില്ലയിൽ സ്തനാർബുദം വർദ്ധിക്കുന്ന സാഹചര്യത്തിൽ പരിശോധനയ്ക്കായി നിലമ്പൂർ,​ പെരിന്തൽമണ്ണ,​ തിരൂർ ജില്ലാ ആശുപത്രികളിൽ മാമോഗ്രാം മെഷീനുകൾ സ്ഥാപിക്കാൻ ഒരു കോടി വകയിരുത്തി. വൃക്കരോഗത്തിനെതിരെ ബോധവത്ക്കരണം ശക്തമാക്കും. രോഗ നിർണ്ണയ ക്യാമ്പുകളും സജീവമാക്കും. ജില്ലാ ആശുപത്രികളിലെ സൗകര്യങ്ങൾ വർദ്ധിപ്പിച്ച് രോഗീസൗഹൃദമാക്കും. മരുന്നുകൾ വാങ്ങാൻ 2.60 കോടി രൂപ ചെലവഴിക്കും. മറ്റ് ദൈനംദിന പ്രവൃത്തികൾക്കായി 1.50 കോടിയും പുനരുദ്ധാരണ പ്രവൃത്തികൾക്കായി ഒരുകോടി രൂപയും വകയിരുത്തി. ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾക്കായി ഏഴ് കോടിയാണ് വകയിരുത്തിയിട്ടുള്ളത്.

കാർഷിക മേഖലയെ ശക്തിപ്പെടുത്തും

കാർഷിക മേഖലയിലെ വിവിധ പദ്ധതികൾക്കായി നാലുകോടി രൂപ വകയിരുത്തി. മായവും കലർപ്പുമില്ലാത്ത ഭക്ഷ്യവസ്തുക്കൾ പരമാവധി ജില്ലയിൽ തന്നെ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. വി.സി.ബികൾ,​ ചെക്ക് ഡാം,​ തടയിണകൾ,​ കുളങ്ങളുടെ നിർമ്മാണം,​ പുനരുദ്ധാരണം,​ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ എന്നിവയ്ക്കായി പത്ത് കോടി രൂപ ചെലവഴിക്കും.

 നെൽക്കൃഷിക്ക് ഉത്പാദന ക്ഷമത കൂടിയ നെൽവിത്ത് ജില്ലയ്ക്ക് ആവശ്യമായതത്രയും ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ആനക്കയം,​ ചോക്കാട്,​ തവനൂർ ഫാമുകളിൽ ഉത്പാദിപ്പിക്കും.

 നെൽ കർഷകർക്ക് ഉത്പാദനച്ചെലവിലേക്ക് സാമ്പത്തിക സഹായം

 നെല്ല് കയറ്റിയയക്കുന്നതിന് പകരം ഇവിടെ തന്നെ സംസ്ക്കരിച്ച് അരിയാക്കി പ്രത്യേക ബ്രാന്റായി വിൽപ്പന

 പൊന്നാനി കോൾ നിലത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കും.

 ജില്ലാതലത്തിൽ കർഷകരുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽക്കാനുമായി കാർഷികോത്സവം

 ജില്ലാ പഞ്ചായത്തിന്റെ ഫാമുകളിൽ നിന്ന് മിതമായ നിരക്കിൽ ജൈവവളം

വനിതകൾക്ക് 7.85 കോടി

വനിതാ സ്വയംസംരംഭങ്ങൾ ആരംഭിക്കാനും നിലവിലുള്ള യൂണിറ്റുകളെ ശക്തിപ്പെടുത്താനും ആധുനികവത്ക്കരിക്കാനും വിവിധ വനിതാക്ഷേമ,​ ശാക്തീകരണ പദ്ധതികൾക്കുമായി 7.85 കോടി രൂപ ചെലവഴിക്കും. ജില്ലാതലത്തിൽ ജെന്റർ പാർക്ക് സ്ഥാപിക്കും. വനിതാകലാകാരികളുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിന് ജില്ലാ ആസ്ഥാനത്ത് ഷീ ഗ്യാലറി സ്ഥാപിക്കും. വർക്കിംഗ് വുമൺസ് ഹോസ്റ്റലും നിർമ്മിക്കും. കുടുംബശ്രീ ഉത്പന്നങ്ങൾക്കായി പാക്കിംഗ് യൂണിറ്റ് സ്ഥാപിച്ച് ജില്ലാതലത്തിൽ ബ്രാന്റ് ചെയ്ത് വിപണനം ചെയ്യും.

പ്രധാന പദ്ധതികൾ ഇവ

 ജില്ലാ പൗൾട്രി ഫാമിൽ വർഷം മൂന്ന് ലക്ഷം കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ച് കോഴിക്കർഷകർക്ക് വിതരണം ചെയ്യും. 80,​000 മുട്ടക്കോഴികളെ വിൽപ്പനയ്ക്ക് തയ്യാറാക്കും. ചെലവ് 1.35 കോടി

 സാമൂഹ്യ സുരക്ഷാ പദ്ധതികൾക്കായി എട്ടു കോടി രൂപ. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ലൈഫ് എക്‌സ്പീരിയൻസ് പാർക്ക് സ്ഥാപിക്കും.

 തീരപ്രദേശങ്ങളിൽ വിവിധ പദ്ധതികൾക്കായി 75 ലക്ഷം

 ജില്ലയുടെ ഗോൾ‌‌ഡൻ ജൂബിലി ആഘോഷ പരിപാടികൾക്ക് 25 ലക്ഷം.

 വയോജന ക്ഷേമ പ്രവർത്തനങ്ങൾക്കായി 50 ലക്ഷം

 42 കുടിവെള്ള പദ്ധതികൾക്കായി 3.20 കോടി

 50 അംഗൻവാടികൾക്ക് കെട്ടിടം നി‌ർമ്മിക്കാൻ 3.75 കോടി

 വിദേശതൊഴിലുകൾ തേടുന്നവരുടെ ഭാഷാ നൈപുണ്യ വികസനത്തിനായി ഫിനിഷിംഗ് സ്കൂളിനായി പത്ത് ലക്ഷം

 കലാ-കായിക യുവജനക്ഷേമ പ്രവർത്തനങ്ങൾക്ക് രണ്ട് കോടി

 പട്ടികജാതി വിഭാഗത്തിന്റെ ക്ഷേമ പ്രവർത്തനങ്ങൾക്കായി 22 കോടി

 പട്ടിക വർഗ ക്ഷേമപ്രവർത്തനങ്ങൾക്ക് 1.68 കോടി

 വിദ്യാലയങ്ങളിൽ ഔഷദോധ്യാനം നിർമ്മിക്കാൻ പത്ത് ലക്ഷം

 ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ആശുപത്രികളിൽ മഴവെള്ള സംഭരണി നിർമ്മിക്കാൻ 50 ലക്ഷം

 മങ്കട,​ വേങ്ങര,​ പൊന്നാനി ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ 40 ലക്ഷം

 ക്ഷീര കർഷകർക്ക് പാലിന് സബ്‌സിഡിയായി 15 ലക്ഷം

 റോഡുകളുടെയും പാലങ്ങളുടെയും നിർ‌മ്മാണം,​ പുനരുദ്ധാരണം എന്നിവയ്ക്കായി 34 കോടി

 മാലിന്യ നിർമ്മാർജ്ജന പദ്ധതികൾക്ക് 5.61 കോടി,. ജൈവമാലിന്യ സംസ്ക്കരണത്തിന് പി.പി.പി മാതൃകയിൽ സംരംഭം നിർമ്മിക്കും.