മലപ്പുറം: അഞ്ച് വർഷത്തിലൊരിക്കൽ നടത്തുന്ന കന്നുകാലി സെൻസസ് ജില്ലയിൽ മാർച്ച് ഒന്ന് മുതൽ മെയ് 31 വരെ നടക്കും. കുടുംബങ്ങൾ, സ്ഥാപനങ്ങൾ, സംരംഭങ്ങൾ എന്നിവിടങ്ങളിലെ പക്ഷിമൃഗാദികളുടെയും ഫിഷറീസ് പ്രവർത്തനങ്ങളുടെയും ഇനം തിരിച്ചുള്ള വിവരങ്ങളാണ് മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർ നേരിട്ടെത്തി ശേഖരിക്കുക. കഴിഞ്ഞ തവണ എണ്ണം മാത്രമാണ് ശേഖരിച്ചിരുന്നതെങ്കിൽ ഇത്തവണ ഉത്പാദന ശേഷിയും മറ്റ് പ്രത്യേകതകളും കണക്കിലെടുത്തുള്ള ബ്രീഡ് സർവേ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ലഭിക്കുന്ന വിവരങ്ങൾ അതത് ദിവസങ്ങളിൽ തന്നെ ഓൺലൈനായി അപ്‌ലോഡ് ചെയ്യും. പക്ഷിമൃഗാദികൾ ഇല്ലെങ്കിലും എല്ലാ കുടുംബങ്ങളിൽ നിന്നും അടിസ്ഥാന വിവര ശേഖരണം നടത്തും. ഭാവിയിലെ പദ്ധതി ആസൂത്രണം ലക്ഷ്യമിട്ടാണിത്. വിവരശേഖരണത്തിനായി 219 ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരെയും എന്യൂമറേറ്റർമാരെയും 118 വെറ്റിനറി ഡോക്ടർമാരെയും നിയോഗിക്കും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മാർച്ച് ഒന്നിന് രാവിലെ ഒമ്പതിന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ വീട്ടിൽ വെച്ച് വിവരശേഖരണം നടത്തി നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണൻ പങ്കെടുക്കും. ഇതുസംബന്ധിച്ച വാർത്താസമ്മേളനത്തിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.സി. മധു, ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ. അയ്യൂബ്, ഡോ. ബേബി ജോസഫ് പങ്കെടുത്തു.