meeting
.

മലപ്പുറം: ജില്ലാ പഞ്ചായത്ത് ബഡ്ജറ്റ് അവതരണത്തിനിടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ബഹളവും വാക്കേറ്റവും. പ്രതിപക്ഷ വിമർശനങ്ങളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റോ വൈസ് പ്രസിഡന്റോ മറുപടി പറയേണ്ടതിന് പകരം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായ ഉമ്മർ അറയ്ക്കൽ മറുപടി പറഞ്ഞത് ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് അംഗങ്ങൾ ബ‌ഡ്‌ജറ്റ് യോഗം ബഹിഷ്ക്കരിച്ചു. പ്രവാസി, കാർഷിക മേഖലകളെയും തീരപ്രദേശങ്ങളെയും തീർത്തും അവഗണിച്ചെന്നും വിവിധ മേഖലകളിലെ പ്രശ്നങ്ങളെ വസ്തുതാപരമായി സമീപിക്കാനോ പരിഹരിക്കാനോ ബഡ്ജറ്റ് ശ്രമിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ടി.കെ. റഷീദലി ചൂണ്ടിക്കാട്ടി. ബഡ്ജറ്റ് പൂർണ്ണമായും തള്ളിക്കളയുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭരണ,​ പ്രതിപക്ഷാംഗങ്ങൾ ബഡ്ജറ്റിനെ വിലയിരുത്തി സംസാരിക്കുന്നതിനിടെ എൽ.ഡി.എഫ് അംഗം എം.ബി ഫൈസൽ ഉയർത്തിയ വിമർശനങ്ങൾ ഭരണപക്ഷത്തെ പ്രകോപിപ്പിച്ചു. തുടർന്ന് സംസാരിച്ച സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഉമ്മർ അറയ്ക്കൽ ഫൈസലിന്റെ വിമർശനങ്ങളെ പ്രതിരോധിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് മറുപടി പറയേണ്ടതെന്ന് ചൂണ്ടിക്കാട്ടി ഇടതുപക്ഷാംഗങ്ങൾ ബഹളം വച്ച് പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചു. ഉമ്മർ അറയ്ക്കലിനെ സംസാരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണൻ അനുനയ ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. ഉമ്മർ അറയ്ക്കലിന്റെ പ്രസംഗം അവസാനിച്ചതോടെ പ്രതിപക്ഷാംഗങ്ങൾ സഭ ബഹിഷ്ക്കരിച്ചു.