ഒറ്റപ്പാലം: റോഡപകടങ്ങളിൽ മരണസംഖ്യ കൂടുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനം ഊർജിതപ്പെടുത്താൻ ജില്ലയിൽ ട്രോമകെയർ സംവിധാനം വരുന്നു. പൊലീസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും അഗ്‌നിരക്ഷാ സേനയുടെയും സഹായത്തോടെയാണ് ട്രോമകെയർ വരുന്നത്. ട്രോമകെയർ യൂണിറ്റിന്റെ ഉദ്ഘാടനം ഇന്ന് ഒറ്റപ്പാലം വ്യാപാരഭവനിൽ നടക്കും.
അപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിക്കുന്ന സാഹചര്യം വർദ്ധിച്ചു വരികയാണ്. അടിയന്തര ശുശ്രുഷ നൽകാൻ കഴിഞ്ഞാൽ പലരുടേയും ജീവൻ രക്ഷിക്കാൻ കഴിയുമെന്ന വിദഗ്ദ അഭിപ്രായം കണക്കിലെടുത്താണ് ട്രോമാകെയർ സംവിധാനം ഒരുക്കുന്നത്. അപകടങ്ങളിലും പ്രകൃതിദുരന്തങ്ങളിലും പൊലീസിനെയും അഗ്‌നിരക്ഷാ സേനയെയും രക്ഷാപ്രവർത്തനങ്ങളിൽ ഈ സംഘം സഹായിക്കും. ദുരന്തസമയത്ത് സർക്കാർ സംവിധാനങ്ങൾ എത്തുന്നതിന് മുമ്പ് അടിയന്തരമായി ഇടപെട്ട് രക്ഷാപ്രവർത്തനം നടത്താനാകുമെന്നതാണ് ട്രോമകെയറിന്റെ വലിയഗുണം. പൊലീസ് മുഖാന്തരവും അഗ്‌നിരക്ഷാ സേന മുഖാന്തരവും നാട്ടുകാർക്ക് നേരിട്ടും ട്രോമകെയറിന്റെ സഹായം തേടാം. പ്രത്യേക രക്ഷാപ്രവർത്തന പരിശീലനം പൂർത്തിയാക്കിയ വളണ്ടിയേഴ്‌സാണ് ദുരന്തമുഖത്തെത്തുക.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇപ്പോൾ തന്നെ 270 പേരാണ് ട്രോമകെയറിൽ അംഗങ്ങളായത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കളക്ടറും പൊലീസ് മേധാവിയും ആർ.ടി.ഒയും ഡി.എം.ഒയും ഉൾപ്പെടുന്നതാണ് ട്രോമകെയറിന്റെ രക്ഷാധികാരികൾ.
പിന്തുടരുന്നത് മലപ്പുറത്തിന്റെ മാതൃക
മലപ്പുറം ജില്ലയിൽ 13 വർഷത്തോളമായി ട്രോമകെയർ പ്രവർത്തിക്കുന്നുണ്ട്. 31000 പേരാണ് മലപ്പുറത്ത് രക്ഷാപ്രവർത്തനങ്ങൾക്കായുള്ളത്. ഈ സേവനം പാലക്കാട്ടേക്കും വ്യാപിപ്പിക്കുകയാണ് അധികൃതർ. ജില്ലയിൽ നിലവിൽ പട്ടാമ്പിയിലും തൃത്താലയിലും മാത്രമാണ് ട്രോമകെയർ പ്രവർത്തിക്കുന്നത്. ഷമീർ പട്ടാമ്പിയാണ് ട്രോമകെയറിന്റെ ജില്ലാ കോർഡിനേറ്റർ. കെ.പി.സതീഷ് ജനറൽ സെക്രട്ടറിയാണ്. ജില്ലയിലെ ട്രോമാ കെയറിന്റെ ഉദ്ഘാടനവും ആദ്യഘട്ട പരിശീലനവും ഇന്ന് രാവിലെ ഒമ്പതിന് ഒറ്റപ്പാലം വ്യാപാര ഭവനിൽ ജില്ലാകളക്ടർ ഡി.ബാലമുരളി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശാന്തകുമാരി അധ്യക്ഷയാകും. ജില്ലാ പൊലീസ് മേധാവി, ഡി.എം.ഒ, ആർ.ടി.ഒ തുടങ്ങിയവരും പങ്കെടുക്കും.
നിങ്ങൾക്കും വളണ്ടിയറാകാം
സന്നദ്ധരായ ആർക്കും ട്രോമാ കെയറിന്റെ ഭാഗമാകാം. രണ്ടുഘട്ടങ്ങളായുള്ള പരിശീലനം നൽകും. ആദ്യഘട്ടത്തിൽ പ്രഥമ ശുശ്രൂഷയെ സംബന്ധിച്ചും റോഡ് സുരക്ഷയെ സംബന്ധിച്ചും രണ്ടാം ഘട്ടത്തിൽ അഗ്‌നിരക്ഷാ സേനയുമായി ബന്ധപ്പെട്ട പ്രായോഗിക പരിശീലനവുമാണ് ലഭിക്കുക. പരിശീലനം പൂർത്തിയാക്കിയാലാണ് രക്ഷാപ്രവർത്തനം നടത്താൻ അനുമതി ലഭിക്കുക. ഫോൺ: 9645376053, 9048324453.