പാലക്കാട്; സ്ത്രീകൾ സ്വന്തമായി വരുമാനം കണ്ടെത്തുന്ന സ്ഥിതി ഉണ്ടായാൽ സ്ത്രീ സമൂഹത്തിലെ മിക്ക പ്രശ്‌നങ്ങൾക്കും പരിഹാരമാവുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഫീൽഡ് ഔട്ട്‌റീച്ച് ബ്യൂറോ സംഘടിപ്പിച്ച 'ബേട്ടി ബചാവോ ബേട്ടി പഠവോ' പദ്ധതികളെകുറിച്ചുള്ള ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സ്ത്രീകൾക്ക് തൊഴിലിൽ 50 ശതമാനം സംവരണം വേണമെന്നാണ് അഭിപ്രായമെന്നും സ്ത്രീകൾക്ക് ലഭിക്കുന്ന വിദ്യാഭ്യാസം കുടുംബത്തിൽ എവർക്കും ഗുണം നൽകുന്നതാണെന്നും മന്ത്രി പറഞ്ഞു. പരിപാടിയിൽ ചിറ്റൂർ തത്തമംഗലം നഗരസഭാ ഉപാധ്യക്ഷ കെ.എ ഷീബ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി പുരസ്‌ക്കാര വിതരണവും മുഖ്യ പ്രഭാഷണവും നിർവഹിച്ചു. റീജ്യനൽ ഔട്ട്‌റീച്ച് ബ്യൂറോ മേഖലാ ഡയറക്ടർ എസ്.സുബ്രഹ്മണ്യൻ, ഫീൽഡ് പബ്ലിസിറ്റി ഓഫീസർ എം.സ്മൃതി, സി.സായിനാഥ് സംസാരിച്ചു. കേന്ദ്ര സംഗീത നാടക വിഭാഗം, ഐ.സി.ഡി.എസ് പ്രവർത്തകർ, കോട്ടപ്പുറം ഹെലൻ കെല്ലർ സ്‌കൂൾ ഫോർ ദി ബ്ലൈൻഡ് എന്നിവർ അവതരിപ്പിച്ച കലാപരിപാടികളും നടന്നു.