ചെർപ്പുളശേരി: കെട്ടിട നിർമ്മാണാനുമതി പുതുക്കാൻ കൈക്കൂലി വാങ്ങിയ ചെർപ്പുളശ്ശേരി നഗരസഭാ ഗ്രേഡ്
മൂന്ന് ഓവർസിയർ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ലിജിൻ (25), ഇടനിലക്കാരനായ ചെർപ്പുളശ്ശേരി സ്വദേശി മുഹമ്മദ് ഷമീർ (34 ) എന്നിവരെ പാലക്കാട് നിന്നുള്ള വിജിലൻസ് വിഭാഗം പിടികൂടി.
വിജിലൻസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ നഗരസഭയുടെ സമീപത്തു നിന്നുമാണ് ഫിനാഫ്തലിൽ പുരട്ടിയ നോട്ടുകൾ പരാതിക്കാരൻ കൈമാറുന്നതിനിടെ രണ്ടുപേരെയും കൈയ്യോടെ പിടികൂടിയത്. നാലായിരം രൂപയുടെ നോട്ടുകളാണ് പിടികൂടിയത്. തുടർന്ന് നഗരസഭയുടെ കെട്ടിട നിർമ്മാണ വിഭാഗത്തിലെ ഫയലുകളും ഇവരുടെ താമസസ്ഥലവും വിജിലൻസ് സംഘം പരിശോധന നടത്തി. ഒന്നര വർഷം മുമ്പാണ് ലിജിൻ നഗരസഭയിൽ ഉദ്യോഗസ്ഥനായി എത്തിയത്. കാറൽമണ്ണ സ്വദേശിയോടാണ് കെട്ടിട നിർമാണ അനുമതി പുതുക്കാൻ ലിജിൻ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതേതുടർന്ന് ഇയാൾ വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു. കൈക്കൂലി വാങ്ങാൻ ലിജിന്റെ ഇടനിലക്കാരൻ എന്ന നിലയിലാണ് മുഹമ്മദ് ഷമീർ ഒപ്പം വന്നത്. നഗസഭാ വൈസ് ചെയർമാന്റെ ഡ്രൈവറായി ജോലി ചെയ്യുന്ന ആളാണ്
മുഹമ്മദ് ഷമീർ.
പാലക്കാട് വിജിലൻസ് ഡി.വൈ.എസ്.പി കെ.എ.ശശിധരൻ, സി.ഐ.മാരായ എം.ശശിധരൻ, മുഹമ്മദ് ഹനീഫ, എസ്.ഐ.മുഹമ്മദ് റഫീഖ്, തഹസിൽദാർമാരായ എൻ.എസ്.സുരേഷ് കുമാർ (എൽ.എ.കിൻഫ്ര ), ഡി.അമൃത വല്ലി (എൽ.ആർ.പാലക്കാട് ) എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
സംഭവത്തെ തുടർന്ന് സി.പി.എം, ഡി.വൈ.എഫ്.ഐ, എസ്.ഡി.പി.ഐ സംഘടനകൾ നഗരസഭയിലേക്ക് പ്രതിഷേധവുമായെത്തി. അഴിമതിയിൽ ഭരണക്കാരുടെ പങ്കും അന്വേഷിക്കണമെന്ന് സി.പി.എം നേതാക്കൾ ആവശ്യപ്പെട്ടു. ചെർപ്പുളശ്ശേരി സി.ഐ. ടി.മനോഹരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു. ഉച്ചയ്ക്ക് തുടങ്ങിയ വിജിലൻസ് പരിശോധന രാത്രി 9 മണിവരെ നീണ്ടു. അറസ്റ്റിലായ ലിജിനെയും, മുഹമ്മദ് ഷെമീറിനേയും തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.