ഒറ്റപ്പാലം: അട്ടപ്പാടി മേഖലകളിൽ കണ്ടുവരുന്ന ചെറുധാന്യങ്ങളുടെ കൃഷിയിൽ പരീക്ഷണത്തിനൊരുങ്ങുകയാണ് തൃക്കടീരിയിലെ കർഷകർ. തൃക്കടീരി മില്ലുപടിയിൽ ശങ്കരനാരായണൻ എന്ന കർഷകന്റെ മൂന്ന് ഹെക്ടർ സ്ഥലത്താണ് ചെറുധാന്യമായ ചാമ കൃഷിയാരംഭിക്കുന്നത്. കൃഷിവകുപ്പിന്റെ സഹായത്തോടെ ചെറുധാന്യം പദ്ധതിയിലുൾപ്പെടുത്തി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന പദ്ധതിയുടെ വിത്തിടൽ പഞ്ചായത്ത് പ്രസിഡന്റ് നാരായണൻ കുട്ടിയുടെ നേതൃത്വത്തിൽ നടന്നു.
അട്ടപ്പാടിയിൽ മാത്രമാണ് നിലവിൽ ചാമകൃഷിയുള്ളത്. നെല്ല് കൃഷിയേക്കാളും ലാഭകരവും ഗുണവുമാണ് ഇവയെന്നാണ് കാർഷിക മേഖലയിലെ വിദഗ്ദരുടെ അഭിപ്രായം. കുറഞ്ഞ അളവിൽ വെള്ളം മതിയെന്നതാണ് ചാമ കൃഷിയെ കൂടുതൽ കർഷക സൗഹൃദമാക്കുന്നത്. നെൽകൃഷിക്ക് ആവശ്യമുള്ള വെള്ളത്തിന്റെ 25 ശതമാനം വെള്ളംമാത്രം മതി ചെറുധാന്യങ്ങൾ കൃഷിചെയ്യാൻ. നെൽകൃഷിക്ക് 1200 മില്ലിലിറ്റർ വെള്ളം വേണ്ടപ്പോൾ ചാമകൃഷിക്ക് വേണ്ടത് 250 ലിറ്റർ വെള്ളമാണ്. ഒപ്പം ഒരു ഹെക്ടർ കൃഷി സ്ഥലത്തുനിന്ന് ഏകദേശം രണ്ടുടൺ വിളവും ലഭിക്കുമെന്നും കൃഷിവകുപ്പ് അധികൃതർ പറയുന്നു. ഇത് കർഷകർ വേനൽക്കാലത്തും കൃഷിചെയ്യുന്നതിന് ഉപകാരപ്രദമാകും.

തൃക്കടീരിയിൽ ചാമകൃഷി വിത്തിടൽ ചടങ്ങ് ഒറ്റപ്പാലം കൃഷി അസി.ഡയറക്ടർ എ.സി. ആശാനാഥ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ഗീത അധ്യക്ഷയായി. കൃഷി ഓഫീസർ സരിത, കെ.പി.പ്രകാശ്, വാർഡ് അംഗം സി.പി ജനാർദ്ദനൻ തുടങ്ങിയവർ സംസാരിച്ചു.