ചിറ്റൂർ: ജലസേചന വകുപ്പ് കൃഷിക്കു വേണ്ടിയുള്ളതാണ്. വെള്ളം സംരക്ഷണത്തിലും ഉപയോഗത്തിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. ചിറ്റൂർ മിനിസിവിൽ സ്റ്റേഷനിൽ വിളിച്ചു ചേർത്ത ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടേയും കൃഷി ഓഫീസർമാരുടേയും അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളം അനാവശ്യമായി പുഴയിലേക്ക് ഒഴുക്കികളയുന്നതും ദുരുപയോഗം ചെയ്യുന്നതും അംഗീകരിക്കില്ല. പല സ്ഥലങ്ങളിലും വെള്ളം അനാവശ്യമായി ഒഴുക്കികളയുന്നത് മന്ത്രിയുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഇദ്യോഗസ്ഥരോട് മുന്നറിയിപ്പ് നല്കിയത്. കനാലുകൾ തകർന്നതും മണ്ണടിഞ്ഞു ജലസേചനം തടസപ്പെട്ടതുമായ വിവരങ്ങൾ സംബന്ധിച്ച് യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിലും പരിഹരിക്കുന്നതിന് ആവശ്യമായ പ്രൊജക്ടുകൾ യഥാസമയം സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതായും മേലിൽ ഇത്തരം വീഴ്ച ആവർത്തിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി കർശന നിർദ്ദേശം നല്കി. ചിലവു കുറഞ്ഞതും കൂടുതൽ ഗുണം ലഭിക്കുന്നതുമായ രീതിയിൽ പ്രവൃത്തികൾ നടത്താൻ തയ്യാറാകണം.
താലൂക്കിലെ ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ പഞ്ചായത്തുകളിലെ കൃഷി ഓഫീസർമാർ യോഗത്തിൽ പങ്കെടുത്തു. ആവശ്യമായ പ്രദേശങ്ങളിൽ ഇരുവ കുപ്പുകളുടെയും സംയുക്ത പരിശോധന നടത്തി പ്രൊജക്ടുകൾ സമർപ്പിക്കാനും തീരുമാനിച്ചു.