ചിറ്റൂർ: കാർഷികായാവശ്യത്തിനായി ഒരേ സർവേ നമ്പറിൽ ഒന്നിൽ കൂടുതലുള്ള വൈദ്യുതി കണക്ഷന് കൃഷിവകുപ്പ് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കണമെന്ന് താലൂക്ക് വികസന സമിതിയിൽ കർഷകർ ആവശ്യപ്പെട്ടു.

സംസ്ഥാന വ്യാപകമായി ഏർപ്പെടുത്തിയ നിയന്ത്രണം ഏറ്രവും കൂടുതൽ ബാധിക്കുക കിഴക്കൻ മേഖലയിലെ മഴനിഴൽ പ്രദേശങ്ങളായ എരുത്തേമ്പതി, വടകരപ്പതി പഞ്ചായത്തുകളിലെ കർഷകരെയാണ്.

മഴ കുറഞ്ഞതും കനാൽവെള്ളം ആവശ്യത്തിന് ലഭിക്കാത്തതിനാലും രണ്ടുംമൂന്നും കുഴൽ കിണറുകൾ കുഴിച്ചാണ് ഈ പ്രദേശങ്ങളിലെ കർഷകർ വിളവിറക്കിയിരിക്കുന്നത്. പ്രധാന വിളകളായ പച്ചക്കറിക്കും തോട്ടവിളകൾക്കും ഉൾപ്പെടെ കുഴൽക്കിണറിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. ഒരേ സർവേ നമ്പറാണെന്നതിന്റെ പേരിൽ നിയന്ത്രണം ഏർപ്പെടുത്തി നിലവിലെ സൗജന്യം നിഷേധിച്ചാൽ കർഷകർക്ക് വലിയ തിരിച്ചടിയാകും. അടിയന്തരമായി ഇടപെട്ട് നിയന്ത്രണം പിൻവലിക്കണമെന്നതാണ് കർഷകരുടെ ആവശ്യം.
ആവശ്യമായ സൗകര്യങ്ങളുണ്ടായിട്ടും താലൂക്ക് ആശുപത്രയിൽ ഡയാലിസ് യൂണിറ്റും ബ്ലഡ്ബാങ്കും പ്രവർത്തിക്കുന്നില്ല. കൂടാതെ ആശുപത്രിയിലെത്തുന്ന രോഗികളോട് മോശമായ രീതിയിൽ ജീവനക്കാർ പെരുമാറുന്നതായും യോഗത്തിൽ പരാതിയുയർന്നു. വർഷങ്ങളായി അടഞ്ഞുകിടക്കുന്ന ചിറ്റൂർ മന്ദക്കാട്ടിലെ കോമൺ സർവീസ് സെന്റർ തുറന്നു പ്രവൃത്തിപ്പിക്കണമെന്ന് എൻ.മണികണ്ഠൻ ആവശ്യപ്പെട്ടു. മിനിസിവിൽ സ്റ്റേഷനിൽ ഫീഡിംഗ് റൂം അനുവദിക്കണം. സിവിൽ സ്റ്റേഷന്റെ ഗെയിറ്റിനു മുമ്പിലുള്ള ടൈൽസ് ഇളകി കുഴിയായത് നവീകരിക്കണം എന്നീ ആവശ്യങ്ങൾ യോഗത്തിൽ ഉയർന്നുവന്നു.
കെ.ബാബു എം.എൽ.എ, ചിറ്റൂർ - തത്തമംഗലം നഗരസഭ ചെയർമാൻ കെ.മധു, പഞ്ചായത്ത് പ്രസിഡന്റുമാരായ ജി.മാരിമുത്തു, ജയശ്രീ, കൗൺസിലർ സിദ്ദിക്കലി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.