പട്ടാമ്പി: കാരക്കാട്ടുകാരുടെ കാത്തിരിപ്പ് അവസാനിച്ചു, ചിരകാല സ്വപ്നമായ റോഡ് യാഥാർത്ഥ്യത്തിലേക്ക്. ഓങ്ങല്ലൂർ - കാരക്കാട് റോഡ് നിർമ്മാണത്തിന്റെ ഒന്നാംഘട്ടം ആരംഭിച്ചു.

നീണ്ടകാലത്തെ ആവശ്യമാണ് ടാറിട്ട ഒരു റോഡ്. ഗ്രാമപ്രദേശമാണെങ്കിലും ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണ് ഓങ്ങല്ലൂർ - കാരക്കാട് റോഡ്. വാടാനാംകുറിശ്ശിയിലെ ഉൾപ്രദേശങ്ങളിലേക്കും കാരക്കാട് പ്രദേശത്തേക്കും ബസ് സർവീസുകൾ ഇല്ലാത്തതിനാൽ ഓട്ടോറിക്ഷയിലും ജീപ്പിലും സ്വന്തം വാഹനങ്ങളിലുമൊക്കെയാണ് ആളുകൾ യാത്ര ചെയ്യുന്നത്. കുണ്ടും കുഴിയുമായി കിടക്കുന്ന ചെറിയ റോഡിലൂടെ ഗതാഗതം ദുഷ്‌കരമായപ്പോഴാണ് റോഡ് വേണമെന്ന ആവശ്യം ശക്തമായത്. പിന്നീട് മുഹമ്മദ് മുഹ്‌സിൻ എം.എൽ.എയുടെ ശ്രമഫലമായി ഓങ്ങല്ലൂരിൽ നിന്നും കാരക്കാട് വഴി വാടാനാംകുറിശ്ശിയിലേക്ക് ആധുനിക രീതിയിൽ റോഡ് നിർമിക്കാൻ പദ്ധതി തയ്യാറാക്കി. കഴിഞ്ഞ ബഡ്ജറ്റിൽ വകയിരുത്തിയ ആറുകോടി ചെലവിട്ടാണ് ബി.എം ആൻഡ് ബി.സി റബ്ബർ റൈസ്ഡ് റോഡ് നിർമിക്കുന്നത്. ഇതിന്റെ ആദ്യഘട്ടപ്രവർത്തിയായ ബി.എമ്മിന്റെ പണികൾആരംഭിച്ചു.

പഴയ റോഡിനേക്കാളും വീതി കൂട്ടിയാണ് പുതിയ റോഡ് നിർമ്മിക്കുന്നത്. ഓങ്ങല്ലൂർ സെന്ററിൽ നിന്നാണ് പണി ആരംഭിച്ചത്. പാതയിൽ ആവശ്യമായ മെറ്റലിങ്ങിന്റെ വർക്കും കലുങ്കുകളുടെ നിർമ്മാണവും നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. എട്ട് കിലോമീറ്റർ വരുന്ന പാതയുടെ നിർമ്മാണം ഫെബ്രുവരി അവസാനത്തോടെ പൂർത്തിയാകുകയും സിഗ്‌നൽ സ്ഥാപിക്കൽ പ്രവർത്തികൂടെ പൂർത്തിയാക്കി മാർച്ച് ആദ്യവാരം ഗതാഗതത്തിനായി തുറന്നുകൊടുക്കാനാകുമെന്ന് അധികൃതർ വ്യക്തമാക്കി.