പാലക്കാട്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പെൺകുട്ടികൾ പഠിക്കുന്ന മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സ്ഥലപരിമിധിയെ തുടർന്നുള്ള ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജൂൺ ഒന്നിന് സംസ്ഥാനത്ത് എൽ.പി മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ ഹൈടെക് ആക്കും. ഇതോടെ ഇന്ത്യയിൽ വിദ്യാഭ്യാസ രംഗത്തെ ആദ്യ ഡിജിറ്റൽ സംസ്ഥാനമായി കേരളം മാറും. ശാസ്ത്രം പഠിച്ചാലും ശാസ്ത്രബോധം നിലനിൽക്കാത്ത സാഹചര്യം പരിഹരിക്കുന്നതിന് സമ്പൂർണവും ദിശാബോധമുള്ള പാഠ്യപദ്ധതി തയ്യാറാക്കുന്നതിനുള്ള നടപടി തുടങ്ങിയതായും മന്ത്രി അറിയിച്ചു.
സ്‌കൂൾ അങ്കണത്തിൽ നടന്ന സമാപന സമ്മേളനത്തിൽ ഷാഫി പറമ്പിൽ എം.എൽ.എ അധ്യക്ഷനായി. എം.ബി.രാജേഷ് എം.പി മുഖ്യതിഥിയായി. നഗരസഭാ ചെയർപേഴ്‌സൺ പ്രമീളാ ശശിധരൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.വി.അനിത, സ്‌കൂൾ പ്രിൻസിപ്പൽ ജോസ് ഡാനിയൽ, ഹെഡ്മാസ്റ്റർ കെ.ശിവദാസൻ, പി.ടി.എ പ്രസിഡന്റ് എസ്.ദാവൂദ് പങ്കെടുത്തു.